

പൊതുപരിപാടികളില്‍ കന്നഡ നടിമാര്‍ നേരിടുന്ന അനാവശ്യമായ സൂം-ഇന്നുകള്‍ക്കും മോശം ക്യാമറ ആംഗിളുകള്‍ക്കുമെതിരെ പ്രതിഷേധിച്ച് രുക്മിനി വാസന്ത് അടക്കമുള്ള നടിമാര്‍ രംഗത്ത്. ഞങ്ങള്‍ ഇവിടെയുള്ളത് ഞങ്ങളുടെ കലയ്ക്കു വേണ്ടിയാണ്. ഞങ്ങള്‍ ഇവിടെയുള്ളത് സിനിമയ്ക്കു വേണ്ടിയാണ്. മനഃപൂര്‍വമുള്ള ഇത്തരം സൂം-ഇന്നുകളെയും മോശം ആംഗിളുകളെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്ന് നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പറയുന്നു.
രുക്മിനിയുടെ ഇന്‍സ്റ്റ സ്റ്റോറി:
'സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്ന നിലയില്‍, തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മോശം പ്രവണതക്കെതിരെ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കുകയാണ്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന വനിതാ അഭിനേതാക്കളുടെ വീഡിയോകളും ചിത്രങ്ങളും അങ്ങേയറ്റം അശ്ലീലമായ ആംഗിളുകളില്‍ ചിത്രീകരിക്കുകയും, അവരുടെ പ്രകടനത്തിനോ ജോലിക്കോ പ്രാധാന്യം നല്‍കാതെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.
ചില വ്യക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പെരുമാറ്റങ്ങള്‍ തികച്ചും അപമാനകരവും അംഗീകരിക്കാനാവാത്തതുമാണ്. ഞങ്ങള്‍ ഇവിടെയുള്ളത് ഞങ്ങളുടെ കലയ്ക്കു വേണ്ടിയാണ്. ഞങ്ങള്‍ ഇവിടെയുള്ളത് സിനിമയ്ക്കു വേണ്ടിയാണ്. മനഃപൂര്‍വമുള്ള ഇത്തരം സൂം-ഇന്നുകളെയും മോശം ആംഗിളുകളെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് വ്യക്തിത്വത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം പ്രവര്‍ത്തികളെ സാധാരണവല്‍ക്കരിക്കാനോ വെച്ചുപൊറുപ്പിക്കാനോ കഴിയില്ല'.