മാങ്കോസ്റ്റിൻ തണലിൽ – ബഷീർസ്മൃതി

മലയാളത്തിന്റെ പ്രിയ കഥാകാരന് നവോദയ ആദ്യമായി സിഡ്‌നിയിൽ ഒരുക്കിയ “ബഷീർസ്മൃതി” പരിപാടിയിലാണ് ബഷീറിയൻ കഥാപാത്രങ്ങൾ ഒന്നൊന്നായി അരങ്ങിലെത്തിയത്.
മാങ്കോസ്റ്റിൻ തണലിൽ – ബഷീർസ്മൃതി
(Supplied)
Published on

എട്ടുകാലി മമ്മൂഞ്ഞും ആനവാരിയും മണ്ടൻ മുത്തപ്പനും തോമയും മാത്രമല്ല, പാത്തുമ്മയും നിസാർ അഹമ്മദും സാറാമ്മയും കേശവൻ നായരും മാറിമാറി വേദിയിൽ നിറഞ്ഞുനിൽക്കുമ്പോൾ, കണ്ണുകളീറനണിഞ്ഞ് മലയാളക്കരയിൽ നിന്ന് ഭൂഖണ്ഡങ്ങൾക്കപ്പുറം സിഡ്‌നിയിൽ മലയാളികൾ ബഷീറിന്റെ ഓർമകൾ പുതുക്കി. മലയാളത്തിന്റെ പ്രിയ കഥാകാരന് നവോദയ ആദ്യമായി സിഡ്‌നിയിൽ ഒരുക്കിയ “ബഷീർസ്മൃതി” പരിപാടിയിലാണ് ബഷീറിയൻ കഥാപാത്രങ്ങൾ ഒന്നൊന്നായി അരങ്ങിലെത്തിയത്. കാലത്തിനും മായ്ച്ചുകളയാനാകാത്ത ഒട്ടേറെ അനുഭവങ്ങൾ മലയാളത്തിന്റെ സുൽത്താൻ സമ്മാനിച്ചുവെന്ന ഓർമ പുതുക്കുന്നതായിരുന്നു “മാങ്കോസ്റ്റിൻ തണലിൽ” എന്ന പേരിൽ അവതരിപ്പിച്ച പരിപാടി.‌

പരിപാടി ഉദ്ഘാടനം ചെയ്ത പ്രൊഫസർ എം. എം. നാരായണൻ, “ആരോഹകന്മാരുടെ പാദസ്പർശമേൽക്കാത്ത പർവതശീർഷം പോലെ, അനുകർത്താക്കൾ ചവിട്ടിമെത്തിക്കാത്ത ഭാവനയുടെ വിജനസരണിപോലെ, ബഷീറിയൻ സാഹിത്യലോകം നമ്മുടെ മുമ്പിൽ പുഷ്കലമായി നിലകൊള്ളുകയാണ്” എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഭാവനയും യാഥാർഥ്യവും ഇഴചേർന്ന ശൈലിയിലൂടെ നർമ്മവും മാനവികതയും സമന്വയിപ്പിച്ച രചനകളാണ് ബഷീറിന്റെ സാഹിത്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കവയിത്രി പ്രിയ പള്ളത്തട്ട, പാഠശാല, ബാലകൈരളി വിദ്യാർത്ഥി/വിദ്യാർത്ഥിനികളായ അൻവിക ശ്രീജേഷ്, കവിൻ അശ്വിത്, കാതറിൻ സൂസൻ ജസ്റ്റിൻ, അഹാന ഷിനോജ്, വിഹാൻ, അംറിൻ, നിയ, ദേവാൻശ്, ജോഹാൻ, അഹാന എന്നിവർ ചേർന്ന് അവതരിപ്പിച്ച കവിതാ പാരായണവും ബഷീർ കഥകളുടെ അവതരണവും ചടങ്ങിന് മാറ്റുകൂട്ടി. ആരതി അനൂപ്, അർച്ചന ഹരിദാസ്, സരിത ശ്രീകാന്ത്, താര തമ്പി, ദീപ കുരിയൻ സംഘവും അവതരിപ്പിച്ച കേരളനടനം കാണികൾക്ക് മിഴിവേകിയ അനുഭവമായി. സംഗീത് സോമൻ തണ്ടശ്ശേരിൽ, ലൈജു എഡ്വിൻസൺ, ആര്യ കെ. കുമാർ, അഭിലാഷ് നായർ, രാമദാസ് പാലയ്ക്കൽ, ശ്രീകാന്ത് രാമൻ, പവൻ സജിൻ, ലക്ഷ്‌മി സുജിത്ത് സംഘവും ചേർന്ന് അവതരിപ്പിച്ച ഗസലും കഥക്കും ബഷീർ സാഹിത്യത്തിലേക്കും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലേക്കും വിരൽചൂണ്ടുന്നതായിരുന്നു. പതിനഞ്ചോളം ബഷീർ കഥകളുടെ വായനയും അവതരണവും കാണികൾക്കും പങ്കെടുത്തവർക്കും നവ്യാനുഭവമായി.‌

ജേക്കബ് തോമസ്, ജോർജ്ജ് വിൽസൺ സതീഷ് ഹരിപ്പാട് തുടങ്ങിയവർ ബഷീറിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. മാലതി മാധവനായിരുന്നു അവതാരിക. ബാലകൈരളി കുട്ടികളും പ്രിയയും വേദിയിൽ മലയാള കവിതകൾ അവതരിപ്പിച്ചു. കുളൂർ മാഷിന്റെ സംവിധാനത്തിൽ നവോദയ അഭിനയപ്പന്തൽ അവതരിപ്പിച്ച, ബഷീർ കൃതികളുടെ പശ്ചാത്തലത്തിൽ ചിട്ടപ്പെടുത്തിയ നാടകം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ക്രിസ് ആന്റണി, ലജിരാജ് എസ്, രാഗേഷ് അരിക്കത്ത്, റോഷിൻ വട്ടപ്പറമ്പത്ത് എന്നിവർ അരങ്ങിൽ കഥാപാത്രങ്ങളായി വേഷമിട്ടു.

ബ്ലാക്ക്ടൗൺ ലൈബ്രറി ഹാളിൽ നടന്ന പരിപാടിക്ക് നവോദയ സിഡ്‌നി പ്രസിഡന്റ് ദിവ്യ പ്രജീവ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സുജിത് നായർ നന്ദിയും രേഖപ്പെടുത്തി. നവോദയയുടെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് നവോദയ ഓസ്ട്രേലിയ സെക്രട്ടറി രാഹുൽ ജി സംസാരിച്ചു. നവോദയ പുറത്തിറക്കുന്ന വാർഷികപ്പതിപ്പിന്റെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.

നാഴികകൾക്കിപ്പുറവും ബഷീറിനെ ഓർക്കാനും മലയാളഭാഷയെ ചേർത്തുപിടിക്കാനും സിഡ്‌നിയിലെ മലയാളികൾ കാട്ടുന്ന ഉദ്വേഗപൂർണമായ പ്രതിബദ്ധതയെ പരിപാടിയുടെ സംഘാടകർ അഭിനന്ദിച്ചു. ഇത്തരം പരിപാടികളുടെ ആവശ്യകത കണക്കിലെടുത്ത് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും വരുംകാലങ്ങളിലും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു.

Metro Australia
maustralia.com.au