

മെൽബൺ: മലയാളം ഫിലിം സൊസൈറ്റി ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ മലയാള സിനിമാ പ്രേമികൾക്കായി 'ബൗമ' (BOUMA) എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. ചിത്രത്തിന്റെ സംവിധായകൻ റെജിൻ എസ്. ബാബുവിനൊപ്പം സിനിമ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 21 ശനിയാഴ്ച വൈകുന്നേരം 6.15ന് വില്ലേജ് സിനിമാസ്, വെസ്റ്റ്‌ഫീൽഡ് നോക്സിലാണ് പ്രദർശനം. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന് MA15+ റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്.
'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ബൗമ' ഒരു ഗോത്തിക് മിസ്റ്ററി ത്രില്ലറാണ്. പീരുമേട്ടിലെ 'റോസ് വില്ല' എന്ന പഴയ തറവാടും അതുമായി ബന്ധപ്പെട്ട നിഗൂഢതകളും പോലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ, വിനീത്, ലെന, അദിതി ബാലൻ, മധുപാൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംവിധായകനൊപ്പം സിനിമ കാണാനും ചിത്രത്തിന്റെ പിന്നണിയിലെ വിശേഷങ്ങൾ അറിയാനുമുള്ള അവസരമാണ് പ്രത്യേക പ്രദർശനത്തിലൂടെ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മെൽബണിലെ സിനിമാ പ്രേമികൾക്ക് പ്രദർശനത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.