

മെൽബൺ: ക്യാൻസർ ബോധവത്കരണത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനായി പുലരി വിക്ടോറിയ മൂന്നാം വർഷവും “Australia’s Biggest Morning Tea” ഫണ്ട് റൈസർ സംഘടിപ്പിക്കുന്നു. പരിപാടി ജൂൺ 7 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് Ramlegh Family and Community Centre, Clyde North-ൽ നടക്കും.
ക്യാൻസർ കൗൺസിൽ ഓസ്ട്രേലിയയ്ക്കായി ധനശേഖരണം ലക്ഷ്യമിട്ട് നടത്തുന്ന ഈ പരിപാടിയിൽ ക്യാൻസർ ഗവേഷണ-പരിചരണ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡോ. അനൂജ അബ്ദുൽ സലാം (റേഡിയേഷൻ ഓങ്കോളജി രജിസ്ട്രാർ, ഒലീവിയ ന്യൂട്ടൺ ജോൺ ക്യാൻസർ സെന്റർ, ഓസ്റ്റിൻ ഹെൽത്ത്), സ്പാൻ ഹന്ന (ഗ്രൂപ്പ് ലീഡർ, കാർഡിനിയ പ്രോസ്റ്റേറ്റ് ക്യാൻസർ സപ്പോർട്ട് ഗ്രൂപ്പ്; ക്യാൻസർ സർവൈവർ), മദനൻ ചെല്ലപ്പൻ (എംഎവി പ്രസിഡന്റ്; ലിവ്ഡ് എക്സ്പീരിയൻസ് പ്രതിനിധി) എന്നിവർ ക്യാൻസർ പ്രതിരോധം, ചികിത്സ, അതിജീവനാനുഭവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കും.
പരിപാടിയുടെ ഭാഗമായി രസകരമായ ഒരു കുക്കിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട സ്നാക്കുകളോ മധുര പലഹാരങ്ങളോ വീട്ടിൽ തയ്യാറാക്കി കൊണ്ടുവരാം. പരിചയസമ്പന്നരായ ഷെഫുമാർ വിഭവങ്ങൾ വിലയിരുത്തി വിജയികളെ തിരഞ്ഞെടുക്കും.
പരിപാടിയിലൂടെ സമാഹരിക്കുന്ന തുക മുഴുവൻ ക്യാൻസർ കൗൺസിൽ ഓസ്ട്രേലിയയ്ക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. സംഭാവനകൾക്ക് നികുതി ഇളവ് (Tax Deductible) ലഭ്യമാണ്.
പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി ഓൺലൈനായി സംഭാവന നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സംഭാവനാ വിവരങ്ങൾക്കും Pulari Victoriaയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ സന്ദർശിക്കാവുന്നതാണ്.