വൈ-ഫൈ മുതൽ ബ്ലാക്ക് ബോക്സ് വരെ; 5 ഓസ്‌ട്രേലിയൻ കണ്ടുപിടുത്തങ്ങളുമായി റോയൽ മിന്റിന്റെ പുതിയ നാണയങ്ങൾ

അഞ്ച് $1 നാണയങ്ങൾക്ക് പുറമെ, ഈ അഞ്ച് കണ്ടുപിടുത്തങ്ങളും ഒന്നിച്ച് ആലേഖനം ചെയ്ത പ്രത്യേക $2 പ്രൂഫ് നാണയവും ലഭ്യമാക്കിയിട്ടുണ്ട്.
വൈ-ഫൈ മുതൽ ബ്ലാക്ക് ബോക്സ് വരെ;  5 ഓസ്‌ട്രേലിയൻ കണ്ടുപിടുത്തങ്ങളുമായി റോയൽ മിന്റിന്റെ പുതിയ നാണയങ്ങൾ
Supplied: Royal Australian Mint
Published on: 

കാൻബറ: ലോകത്തെ മാറ്റിമറിച്ച തദ്ദേശീയ കണ്ടുപിടുത്തങ്ങൾക്ക് ആദരമർപ്പിച്ച് റോയൽ ഓസ്‌ട്രേലിയൻ മിന്റ് (Royal Australian Mint) പുതിയ 'ബ്രൈറ്റ് ഐഡിയാസ്' (Bright Ideas) നാണയ ശേഖരം പുറത്തിറക്കി. ലോകമെമ്പാടും ഉപയോഗിക്കുന്ന വൈ-ഫൈ സാങ്കേതികവിദ്യയുടെ അടിസ്ഥാനമായ ഡബ്ല്യുലാൻ (WLAN), വിമാനങ്ങളിലെ ബ്ലാക്ക് ബോക്സ് ഫ്ലൈറ്റ് റെക്കോർഡർ, ജാഫിൾ മേക്കർ (ടോസ്റ്റർ), ബേബി സേഫ്റ്റി കാപ്സ്യൂൾ, കർഷകരുടെ പണി എളുപ്പമാക്കിയ സ്റ്റമ്പ് ജമ്പ് പ്ലോ (Stump jump plough) എന്നീ അഞ്ച് നിർണായക കണ്ടുപിടുത്തങ്ങളാണ് ഒരു ഡോളർ ($1) നാണയങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നത്.

മ്യൂസിയങ്ങളിൽ മാത്രം ഒതുങ്ങുന്നവയല്ല, മറിച്ച് മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഓസ്‌ട്രേലിയൻ ശാസ്ത്ര-സാങ്കേതിക മികവിനെ ആഘോഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മിന്റ് ചീഫ് എക്സിക്യൂട്ടീവ് എമിലി മാർട്ടിൻ പറഞ്ഞു. 1876-ൽ സൗത്ത് ഓസ്‌ട്രേലിയൻ കർഷകനായ റിച്ചാർഡ് സ്മിത്ത് രൂപകൽപ്പന ചെയ്ത ഉഴവുയന്ത്രമാണ് സ്റ്റമ്പ് ജമ്പ് പ്ലോ. 1949-ൽ ഡോ. ഏണസ്റ്റ് സ്മിതേഴ്സ് ജാഫിൾ മേക്കറും, വിമാന അപകടങ്ങൾ കണ്ടെത്താൻ ഡിഫൻസ് സയന്റിസ്റ്റ് ഡോ. ഡേവിഡ് വാറൻ ബ്ലാക്ക് ബോക്സും കണ്ടുപിടിച്ചു. 1984-ൽ കുഞ്ഞുങ്ങളുടെ കാർ യാത്ര സുരക്ഷിതമാക്കാൻ അവതരിപ്പിച്ച ബേബി സേഫ്റ്റി കാപ്സ്യൂളും, 1990-കളിൽ ഇന്നത്തെ വൈ-ഫൈയുടെ അടിത്തറയായ ഹൈ-സ്പീഡ് വയർലെസ് ലാൻ വികസിപ്പിച്ചെടുത്ത സിഎസ്ഐആർഒ (CSIRO) ശാസ്ത്രജ്ഞരുടെ നേട്ടവും ശേഖരത്തിൽ ഇടംപിടിച്ചു.

അഞ്ച് $1 നാണയങ്ങൾക്ക് പുറമെ, ഈ അഞ്ച് കണ്ടുപിടുത്തങ്ങളും ഒന്നിച്ച് ആലേഖനം ചെയ്ത പ്രത്യേക $2 പ്രൂഫ് നാണയവും ലഭ്യമാക്കിയിട്ടുണ്ട്. ഒക്ടോബർ 8 വ്യാഴാഴ്ച മുതൽ കാൻബറയിലെ റോയൽ ഓസ്‌ട്രേലിയൻ മിന്റിൽ നിന്നും രാജ്യവ്യാപകമായുള്ള തെരഞ്ഞെടുത്ത ന്യൂസ്എക്സ്പ്രസ് സ്റ്റോറുകളിൽ നിന്നും നാണയങ്ങൾ ലഭിക്കും. കൂടാതെ, കളക്ടർമാർക്കും പൊതുജനങ്ങൾക്കുമായി പ്രത്യേക $2 സർക്കുലേഷൻ നാണയങ്ങളും വ്യാഴാഴ്ച മുതൽ വിതരണത്തിനെത്തും.

Metro Australia
maustralia.com.au