

മെൽബൺ: തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് പ്രേക്ഷകരെ കയ്യിലെടുത്ത മലയാള ചിത്രം 'പ്ലൂട്ടോ' (Pluto) ഇനി ഓസ്‌ട്രേലിയൻ തിയേറ്ററുകളിലേക്ക്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രം ഒരു കോമിക് ബുക്ക് ശൈലിയിൽ ഒരുക്കിയ ഏലിയൻ കോമഡി ഗണത്തിൽപ്പെട്ട ഒന്നാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ചിത്രത്തിന് കേരളത്തിലുടനീളം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നീരജ് മാധവ് നായകനാകുന്ന ചിത്രത്തിൽ അൽത്താഫ് സലിമാണ് അമ്പരപ്പിക്കുന്ന ഏലിയന്റെ വേഷത്തിലെത്തുന്നത്. ആർഷ ചാന്ദിനി ബൈജു നായികയാകുന്ന ചിത്രത്തിൽ സർപ്രൈസ് വില്ലൻ കഥാപാത്രമായി അജു വർഗീസും എത്തുന്നു. സോഷ്യൽ മീഡിയ താരങ്ങളായ നിഹാൽ, സുബിൻ ടാർസൻ, നിംന ഫാത്തൂമി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദാണ്. കേരളത്തിലെ വിജയത്തിളക്കത്തിന് പിന്നാലെ ഓസ്‌ട്രേലിയയിലെ പ്രമുഖ നഗരങ്ങളിൽ ഉടൻ തന്നെ പ്ലൂട്ടോയുടെ പ്രദർശനം ആരംഭിക്കും.