ഡിഫ്തീരിയ രോഗവ്യാപനം തടയാൻ ഓസ്‌ട്രേലിയ; 7.2 മില്യൺ ഡോളറിന്റെ പ്രതിരോധ പാക്കേജ് പ്രഖ്യാപിച്ചു

രോഗബാധയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അവിടേക്ക് യാത്ര ചെയ്യുന്നവരും അഞ്ച് വർഷത്തിലൊരിക്കൽ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
ഡിഫ്തീരിയ രോഗവ്യാപനം തടയാൻ ഓസ്‌ട്രേലിയ; 7.2 മില്യൺ ഡോളറിന്റെ പ്രതിരോധ പാക്കേജ് പ്രഖ്യാപിച്ചു
ABC News: Xavier Martin
Published on

കാൻബറ: ഓസ്‌ട്രേലിയയിൽ ഒരുകാലത്ത് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു എന്ന് കരുതിയിരുന്ന ഡിഫ്തീരിയ രോഗബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ 7.2 മില്യൺ ഡോളറിന്റെ അടിയന്തിര വാക്സിനേഷൻ പാക്കേജ് പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. ഈ വർഷം ഇതുവരെ രാജ്യത്തുടനീളം 230-ലധികം ഡിഫ്തീരിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വടക്കൻ ഓസ്‌ട്രേലിയയ്ക്ക് (Northern Territory) പുറമെ വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലൻഡ് എന്നീ സംസ്ഥാനങ്ങളിലേക്കും രോഗം പടർന്നിട്ടുണ്ട്. രോഗബാധയെത്തുടർന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ആദ്യ ഡിഫ്തീരിയ മരണമാണിതെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു.

പുതിയ ഫണ്ട് ഉപയോഗിച്ച് 'നാഷണൽ ക്രിട്ടിക്കൽ കെയർ ആൻഡ് ട്രോമ റെസ്പോൺസ് സെന്റർ' വഴി കൂടുതൽ മെഡിക്കൽ ജീവനക്കാരെ വിന്യസിക്കാനും അടിയന്തിര ബൂസ്റ്റർ വാക്സിനുകളും ആന്റിബയോട്ടിക്കുകളും എത്തിക്കാനും സാധിക്കുമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ (Mark Butler) അറിയിച്ചു. കോവിഡിന് ശേഷം ആഗോളതലത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകളിൽ ഉണ്ടായ കുറവും വ്യാജ പ്രചാരണങ്ങൾ മൂലം വാക്സിൻ എടുക്കാൻ ആളുകൾ വിമുഖത കാണിക്കുന്നതും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് വിദ്ഗദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) പുറത്തുവിട്ട കണക്കുകൾ പ്രകാരം മുൻപ് മൂന്ന് ഡോസ് വാക്സിൻ എടുത്തവരിൽ പോലും പ്രതിരോധശേഷി കുറഞ്ഞതുമൂലം രോഗബാധ കണ്ടെത്തുന്നുണ്ട്.

രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും ഉൾനാടൻ ഗ്രാമങ്ങളിലെ അബോറിജിനൽ തദ്ദേശീയ വിഭാഗക്കാരാണ്. വിദൂര ഗോത്രവർഗ്ഗ മേഖലകളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കടുത്ത ക്ഷാമം നേരിടുന്നതും, ജനത്തിരക്കേറിയതും മോശവുമായ പാർപ്പിട സാഹചര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, അയൽ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ൽസ് (NSW) പത്ത് വർഷത്തിനിടയിൽ ബൂസ്റ്റർ ഡോസ് എടുക്കാത്ത എല്ലാ തദ്ദേശീയരായ മുതിർന്ന പൗരന്മാർക്കും സൌജന്യ വാക്സിൻ വിതരണം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അവിടേക്ക് യാത്ര ചെയ്യുന്നവരും അഞ്ച് വർഷത്തിലൊരിക്കൽ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

Metro Australia
maustralia.com.au