

മെൽബൺ: ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാന പോലീസുകാരുടെയും അതിർത്തി സുരക്ഷാ സേനയുടെയും (Border Force) ഔദ്യോഗിക വസ്ത്രങ്ങളും ബാഡ്ജുകളും ചൈനീസ് ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിൽ പരസ്യമായി വിൽപ്പനയ്‌ക്ക്. ആളുകളെ വഞ്ചിക്കുന്ന ഓൺലൈൻ തട്ടിപ്പുകാർക്ക് വ്യാജ പോലീസ് ചമയാൻ ഇത്തരം യൂണിഫോമുകൾ ദുരുപയോഗം ചെയ്തേക്കാമെന്ന് വിക്ടോറിയ, ക്വീൻസ്‌ലാന്റ്, വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് അധികൃതരും സുരക്ഷാ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകി.
ചൈനീസ് വെബ്‌സൈറ്റുകളിൽ നിർമ്മിച്ചു നൽകുന്ന ഇത്തരം വസ്ത്രങ്ങൾ യഥാർത്ഥ പോലീസ് യൂണിഫോമുകളുമായി തികച്ചും സമാനമാണ്. പോലീസാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘങ്ങൾ വീഡിയോ കോളുകളിലൂടെയും മറ്റും പണം തട്ടാൻ ഇത് ഉപയോഗിക്കാൻ സാധ്യതയേറെയാണെന്ന് സൈബർ ക്രൈം വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പോലീസിന്റെ വേഷം കെട്ടി വഞ്ചന നടത്തുന്നത് ഓസ്‌ട്രേലിയയിൽ കടുത്ത ശിക്ഷാർഹമായ കുറ്റമാണെന്നും, സംശയാസ്പദമായ ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഔദ്യോഗിക വിവരങ്ങൾ കൈമാറരുതെന്നും ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ജനങ്ങൾക്ക് നിർദ്ദേശം നൽകി.