ഇന്ത്യ ഓസ്‌ട്രേലിയയുടെ മുൻനിര പ്രതിരോധ പങ്കാളി; പത്ത് വർഷത്തിനുള്ളിൽ 887 ബില്യൺ ഡോളർ നിക്ഷേപം

മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായി ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള സഹകരണം വിപുലീകരിക്കും.
Australia
Australia Srikant Sahoo, Unsplash
Published on

കാൻബറ: ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ 2026-ലെ പുതുക്കിയ ദേശീയ പ്രതിരോധ തന്ത്രത്തിലാണ് ഇന്ത്യയെ തങ്ങളുടെ 'ടോപ്പ്-ടയർ' സുരക്ഷാ പങ്കാളിയായി അടയാളപ്പെടുത്തിയത്. ഓസ്‌ട്രേലിയയുടെ ചരക്ക് നീക്കത്തിനും ഊർജ്ജ വിതരണത്തിനും (ക്രൂഡ് ഓയിൽ, ഗ്യാസ്, കൽക്കരി) അത്യന്താപേക്ഷിതമായ വടക്കുകിഴക്കൻ ഇന്ത്യൻ സമുദ്രമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്തോ-പസഫിക് മേഖലയുടെ സ്ഥിരതയ്ക്കായി ഇന്ത്യയുമായുള്ള പ്രായോഗിക സഹകരണം വർദ്ധിപ്പിക്കാനാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനം.

ക്വാഡ് (Quad) സഖ്യത്തിലെ പങ്കാളിത്തത്തിന് പുറമെ, പ്രതിരോധ വ്യവസായം, വിവരങ്ങൾ കൈമാറൽ, സംയുക്ത സൈനിക പരിശീലനങ്ങൾ എന്നിവയിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായി ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള സഹകരണം വിപുലീകരിക്കും. സമുദ്ര സുരക്ഷ (Maritime Domain Awareness), ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിൽ സംയുക്ത പ്രവർത്തനങ്ങൾ ശക്തമാക്കാനും പദ്ധതിയുണ്ട്.

പ്രതിരോധ ആവശ്യങ്ങൾക്കായി അടുത്ത പത്ത് വർഷത്തിനുള്ളിൽ (2036 വരെ) 887 ബില്യൺ ഡോളറിന്റെ ബൃഹത്തായ നിക്ഷേപമാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 425 ബില്യൺ ഡോളർ പുതിയ സൈനിക ശേഷികൾ വികസിപ്പിക്കുന്നതിനായി നേരിട്ട് വിനിയോഗിക്കും. ആണവ അന്തർവാഹിനികൾ, സിഗ്നൽ ഡയറക്ടറേറ്റ്, നാവിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ വികസനവും ഈ നിക്ഷേപത്തിന്റെ ഭാഗമാണ്. ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കാനും ആധുനിക ഭീഷണികളെ നേരിടാനും ഈ വൻ നിക്ഷേപം സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au