ഓസ്‌ട്രേലിയയിൽ എലിശല്യം രൂക്ഷം; വീര്യം കൂടിയ എലിവിഷത്തിന് അടിയന്തര അനുമതി നൽകി റെഗുലേറ്റർ

നിലവിൽ പാടങ്ങളിൽ വിതച്ച വിത്തുകൾ മുളയ്ക്കുന്നതിന് മുൻപ് തന്നെ എലികൾ തിന്നുതീർക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.
ഓസ്‌ട്രേലിയയിൽ എലിശല്യം രൂക്ഷം; വീര്യം കൂടിയ എലിവിഷത്തിന് അടിയന്തര അനുമതി നൽകി റെഗുലേറ്റർ
Supplied: Rob Walton
Published on

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെയും സൗത്ത് ഓസ്‌ട്രേലിയയിലെയും ധാന്യപ്പാടങ്ങളിൽ എലിശല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിൽ, ഇരട്ടി വീര്യമുള്ള എലിവിഷം നിർമ്മിക്കാനും വിൽക്കാനും അനുമതി നൽകി 'ഓസ്‌ട്രേലിയൻ പെസ്റ്റിസൈഡ്സ് ആൻഡ് വെറ്ററിനറി മെഡിസിൻസ് അതോറിറ്റി' (APVMA). കർഷകരുടെയും ഗ്രാമീണ നേതാക്കളുടെയും ദീർഘനാളത്തെ ആവശ്യത്തിനൊടുവിലാണ് 50 ഗ്രാം സിങ്ക് ഫോസ്ഫൈഡ് (ZP50) അടങ്ങിയ വിഷം ഉപയോഗിക്കാനുള്ള അടിയന്തര പെർമിറ്റ് റെഗുലേറ്റർ അനുവദിച്ചത്. നിലവിൽ പാടങ്ങളിൽ വിതച്ച വിത്തുകൾ മുളയ്ക്കുന്നതിന് മുൻപ് തന്നെ എലികൾ തിന്നുതീർക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.

ധാന്യവിളകളെ നശിപ്പിക്കുന്നതിന് പുറമെ എലികൾ കൂട്ടത്തോടെ വീടുകളിലേക്കും വെയർഹൗസുകളിലേക്കും അധിനിവേശം നടത്തുന്നത് ഗ്രാമീണ മേഖലകളിൽ കടുത്ത ആരോഗ്യഭീഷണിയും ഉയർത്തുന്നുണ്ട്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ ഒരു ഹെക്ടറിൽ എണ്ണായിരത്തോളം എലികൾ ഉണ്ടെന്നാണ് സി.എസ്.ഐ.ആർ.ഒ (CSIRO) നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. വീര്യം കുറഞ്ഞ മുൻപത്തെ എലിവിഷം (ZP25) ഫലപ്രദമാകാത്തതിനാലാണ് പുതിയ പെർമിറ്റിനായി കർഷക സംഘടനകൾ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ, വൈൽഡ് ലൈഫ് സംരക്ഷണത്തിന് മുൻഗണന നൽകി അതോറിറ്റി അനുമതി വൈകിപ്പിച്ചതായി പ്രാദേശിക ഭരണകൂടങ്ങൾ കുറ്റപ്പെടുത്തി.

പുതിയ വീര്യമേറിയ വിഷം ഉപയോഗിക്കുന്നതിലൂടെ എലികൾ പെട്ടെന്ന് ചത്തൊടുങ്ങുമെന്നും ഇത് കർഷകർക്ക് ആശ്വാസമാകുമെന്നും ഗ്രെയിൻ പ്രൊഡ്യൂസേഴ്‌സ് ഓസ്‌ട്രേലിയ (GPA) വ്യക്തമാക്കി. എന്നാൽ വന്യജീവികൾക്കും പരിസ്ഥിതിക്കും ദോഷമുണ്ടാകാത്ത രീതിയിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. കർഷകർക്ക് ഈ എലിവിഷം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേക പരിശീലനവും സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. എലികളുടെ എണ്ണം കുറയ്ക്കാതെ ടൗണുകളിലെയും വീടുകളിലെയും എലിശല്യം പരിഹരിക്കാനാകില്ലെന്നാണ് കൗൺസിൽ അധികൃതർ വ്യക്തമാക്കുന്നത്.

Metro Australia
maustralia.com.au