പണം തട്ടാൻ ശ്രമം: സെനറ്ററെ ശല്യം ചെയ്ത യുവതി പിടിയിൽ

വെസ്റ്റേൺ ഓസ്‌ട്രേലിയൻ പൊലീസ് ഉദ്യോഗസ്ഥർ ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സെനറ്ററെ ശല്യം ചെയ്ത് പണം തട്ടാൻ ശ്രമം: യുവതി അറസ്റ്റിൽ
ഗ്രീൻസ് സെനറ്റർ ജോർഡൻ സ്റ്റീൽ-ജോൺ
Published on: 

ഓസ്‌ട്രേലിയൻ ഗ്രീൻസ് പാർട്ടി സെനറ്റർ ജോർഡൻ സ്റ്റീൽ-ജോണിനെ പിന്തുടർന്ന് ശല്യം ചെയ്യുകയും ഭീഷണിയിലൂടെ പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ 40-കാരിയായ യുവതി അറസ്റ്റിൽ. വെസ്റ്റേൺ ഓസ്‌ട്രേലിയൻ പൊലീസ് ഉദ്യോഗസ്ഥർ ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാകും. ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഗുരുതരമായ രീതിയിൽ പിന്തുടർന്ന് ശല്യം ചെയ്തതിന് ഒരു കുറ്റവും, രേഖാമൂലമുള്ള ഭീഷണിയിലൂടെ സ്വത്ത് ആവശ്യപ്പെട്ടതിന് മറ്റൊരു കുറ്റവും യുവതിക്കെതിരെ ചുമത്തിയതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ കുറ്റം പണം തട്ടിയെടുക്കലാണ്. നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സെനറ്റർ കൂടുതൽ പ്രതികരിക്കില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

Also Read
റോബോഡെബ്റ്റ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു; എഐ തീരുമാനങ്ങൾ പരിശോധിക്കണം
സെനറ്ററെ ശല്യം ചെയ്ത് പണം തട്ടാൻ ശ്രമം: യുവതി അറസ്റ്റിൽ

2017 മുതൽ 2025 വരെയുള്ള കാലയളവിൽ സ്ത്രീകളോട് അനുചിതമായി പെരുമാറിയെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ മാസം മുതൽ സ്റ്റീൽ-ജോൺ പാർലമെന്റ് നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഏഴ് ഗ്രീൻസ് പാർട്ടി അംഗങ്ങൾ ഈ വിഷയം ഉന്നയിച്ച് പാർട്ടി നേതാവ് ഡേവിഡ് ഷൂബ്രിഡ്ജിന് കത്ത് നൽകിയിരുന്നു.

എന്നാൽ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച സെനറ്റർ, തനിക്കെതിരെ വിഭാഗീയ എതിരാളികൾ നടത്തുന്ന അപകീർത്തി പ്രചാരണത്തിന്റെ ഭാഗമാണ് ഇതെന്ന് ആരോപിച്ചു. പാർട്ടിയിലെ വരാനിരിക്കുന്ന സ്ഥാനാർഥി തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ തെറ്റിദ്ധരിപ്പിക്കുന്നതോ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തതോ ആയ വിവരങ്ങൾ പുറത്തുവിടുകയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഗ്രീൻസും സ്വതന്ത്ര പാർലമെന്ററി സ്റ്റാൻഡേർഡ്‌സ് കമ്മിഷനും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ ഉൾപ്പെട്ട എല്ലാവർക്കും നീതിയുക്തമായ നടപടിക്രമം ഉറപ്പാക്കണമെന്നും അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ പരസ്യപ്പെടുത്തണമെന്നും പാർട്ടി നേതാവ് ഡേവിഡ് ഷൂബ്രിഡ്ജ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ സെനറ്റർ അവധിയിൽ തുടരുന്നതാണ് ഉചിതമെന്നും ഈ നടപടി ആരോപണങ്ങളിൽ മുൻകൂട്ടി വിധിയെഴുതുന്നതല്ലെന്നും ഷൂബ്രിഡ്ജ് വ്യക്തമാക്കി.