'പിങ്ക്-സ്ലൈം' ജേർണലിസം? ഓസ്‌ട്രേലിയൻ പ്രാദേശിക മാധ്യമങ്ങളിലും വ്യാജ എഐ സൈറ്റുകളുടെ കടന്നുകയറ്റം

കള്ളപ്പേരുകളിലും വ്യാജ ചിത്രങ്ങളിലും യഥാർത്ഥ മാധ്യമപ്രവർത്തകർ ചമഞ്ഞ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിച്ച് പരസ്യവരുമാനം നേടുകയോ, അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തുകയോ ആണ് സൈറ്റുകളുടെ പ്രധാന ലക്ഷ്യം.
എന്താണ് 'പിങ്ക്-സ്ലൈം' ജേർണലിസം
ABC South West: Madigan Landry
Published on

പെർത്ത്: വിദേശ രാജ്യങ്ങളിൽ വ്യാപകമായ 'പിങ്ക്-സ്ലൈം' ജേർണലിസം (Pink-slime journalism) ഓസ്‌ട്രേലിയൻ മാധ്യമരംഗത്തും പിടിമുറുക്കുന്നതായി മാധ്യമ വിദഗ്ദ്ധർ. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ (WA) വിവിധ പ്രാദേശിക ഹബ്ബുകളിൽ യഥാർത്ഥ പത്രങ്ങളെന്ന വ്യാജേന പ്രത്യക്ഷപ്പെട്ട നിരവധി കൃത്രിമബുദ്ധി നിർമ്മിത വാർത്താ സൈറ്റുകൾ ഇതിന്റെ ആദ്യ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിലകുറഞ്ഞതും വൻതോതിൽ സംസ്കരിച്ചതുമായ ഇറച്ചി ഉത്പന്നങ്ങളുടെ അവശിഷ്ടങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 'പിങ്ക് സ്ലൈം' എന്ന വാക്ക്, മാധ്യമരംഗത്ത് പൂർണ്ണമായും എ.ഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഗുണനിലവാരമില്ലാത്ത വ്യാജ പ്രാദേശിക വാർത്താ വെബ്‌സൈറ്റുകളെ വിശേഷിപ്പിക്കാനാണ് നിലവിൽ ഉപയോഗിക്കുന്നത്. കള്ളപ്പേരുകളിലും വ്യാജ ചിത്രങ്ങളിലും യഥാർത്ഥ മാധ്യമപ്രവർത്തകർ ചമഞ്ഞ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിച്ച് പരസ്യവരുമാനം നേടുകയോ, അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തുകയോ ആണ് ഇത്തരം സൈറ്റുകളുടെ പ്രധാന ലക്ഷ്യം.

കഴിഞ്ഞ ഫെബ്രുവരി മുതൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 'ദി മന്ദൂറ റീഡർ' (The Mandurah Reader), 'എസ്പെരൻസ് എനോസിസ്' (Esperance Enosis), 'ദി ബൺബറി ഗാർഡിയൻ' (The Bunbury Guardian) എന്നീ പേരുകളിൽ നിരവധി മാധ്യമങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഓസ്‌ട്രേലിയൻ നാഷണൽ ബ്രോഡ്കാസ്റ്ററായ എ.ബി.സി (ABC) വാർത്തകൾ അതേപടി മോഷ്ടിച്ച് (Scrape) സ്വന്തം പേരിൽ നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ പൂർണ്ണമായും വ്യാജ എ.ഐ നിർമ്മിത മാധ്യമങ്ങളാണെന്ന് കണ്ടെത്തിയത്. 'സ്കോളാസ്റ്റിക്ക' എന്ന പേരിട്ട പാരന്റ് കമ്പനിയുടെ കീഴിലായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്. പത്രത്തിന് പിന്നിൽ പത്ത് വർഷത്തിലേറെ പരിചയമുള്ള പ്രാദേശിക റിപ്പോർട്ടർമാരുണ്ടെന്ന് സ്ഥാപിക്കാൻ എ.ഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ പ്രൊഫൈൽ ചിത്രങ്ങളും ബയോഡാറ്റകളും ഇവർ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എ.ബി.സിയുടെ അന്വേഷണം ശക്തമായതോടെ ഈ സൈറ്റുകളെല്ലാം പെട്ടെന്ന് തന്നെ ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമായി.

പ്രാദേശിക പത്രങ്ങൾ പൂട്ടിപ്പോയ ഗ്രാമീണ മേഖലകളെയാണ് ഇത്തരം വ്യാജ സൈറ്റുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. കോടതി നടപടികളുമായി ബന്ധപ്പെട്ട വാർത്തകളിൽ എ.ഐ നിർമ്മിത വ്യാജ ക്രൈം സീൻ ചിത്രങ്ങൾ ഈ സൈറ്റുകൾ നൽകിയിരുന്നു. ഇത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെയും സത്യത്തെയും തകിടം മറിക്കുന്നതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി സിഡ്നിയിലെ പ്രൊഫസർ മോണിക്ക അറ്റാർഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ കമ്മ്യൂണിറ്റി വാർത്തകൾക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ വിശ്വാസ്യതയുണ്ട്. ആ വിശ്വാസത്തെ ചൂഷണം ചെയ്യുന്നത് അപകടകരമായ പ്രവണതയാണെന്ന് മാധ്യമ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, മുൻപ് ഫെഡറൽ സർക്കാരിന്റെ 'ന്യൂ കൊളംബോ സ്കോളർഷിപ്പ്' നേടിയ ആന്റൺ ലൂക്കാനസ് എന്ന വ്യക്തിയാണ് ഈ വ്യാജ മാസ്റ്റിഹെഡുകൾക്ക് പിന്നിലെന്ന് വ്യക്തമായി. സാങ്കേതികവിദ്യയുടെ കരുത്ത് പരിശോധിക്കാനായി നടത്തിയ ഒരു 'പരീക്ഷണം' പാളിപ്പോയതാണെന്നും കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് താൻ പഠിച്ചതായും ലൂക്കാനസ് പ്രസ്താവനയിലൂടെ സമ്മതിച്ചു.

Metro Australia
maustralia.com.au