മഴ കനിഞ്ഞില്ല; പശ്ചിമ ഓസ്‌ട്രേലിയയിൽ വൻ വരൾച്ച, വിളനാശ ഭീതിയിൽ കർഷകർ

സൗത്ത് വെസ്റ്റ് മേഖലയിൽ ശരാശരി ലഭിക്കേണ്ട 112.9 മില്ലീമീറ്ററിന് പകരം 42.05 മില്ലീമീറ്റർ മഴ മാത്രമാണ് പെയ്തത്.
പശ്ചിമ ഓസ്‌ട്രേലിയയിൽ വൻ വരൾച്ച
പശ്ചിമ ഓസ്‌ട്രേലിയയിൽ വൻ വരൾച്ച
Published on

പെർത്ത്: പശ്ചിമ ഓസ്‌ട്രേലിയയുടെ (Western Australia) തെക്കൻ മേഖലകളിൽ ജൂലൈ മാസത്തിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയതോടെ വിളനാശ ഭീതിയിൽ കർഷകർ. ഓഗസ്റ്റ് മാസത്തിൽ മികച്ച മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ കർഷക സമൂഹം. 2012-ന് ശേഷമുള്ള ഏറ്റവും വരണ്ട ജൂലൈ മാസമാണ് കടന്നുപോയതെന്നും 1900-ന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ രേഖപ്പെടുത്തപ്പെട്ട നാലാമത്തെ ഏറ്റവും കുറഞ്ഞ മഴയാണിതെന്നും ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മീറ്റിയോറോളജി (BOM) വ്യക്തമാക്കി.

സംസ്ഥാനത്തുടനീളം ജൂലൈയിൽ ശരാശരി 6.86 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. സൗത്ത് വെസ്റ്റ് മേഖലയിൽ ശരാശരി ലഭിക്കേണ്ട 112.9 മില്ലീമീറ്ററിന് പകരം 42.05 മില്ലീമീറ്റർ മഴ മാത്രമാണ് പെയ്തത്. പെർത്തിന് തെക്കുള്ള ബോർഡൻ, പിംഗെല്ലി തുടങ്ങിയ കാർഷിക മേഖലകളിൽ കടുത്ത കുടിവെള്ള ലഭ്യതക്കുറവും കന്നുകാലി വളർത്തലിലും ധാന്യോൽപ്പാദനത്തിലും വൻ തിരിച്ചടിയും നേരിടുന്നുണ്ട്. വിളവ് കുത്തനെ കുറയാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓസ്‌ട്രേലിയൻ കാർഷിക മേഖല.

Metro Australia
maustralia.com.au