പെർത്തിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിലും കൊടുങ്കാറ്റ് ഭീഷണി; ലോങ് വീക്കെൻഡിൽ ജാഗ്രതാ നിർദ്ദേശം

ശനിയാഴ്ച വൈകുന്നേരത്തോടെ സെൻട്രൽ വെസ്റ്റ് കോസ്റ്റിൽ ആരംഭിക്കുന്ന കൊടുങ്കാറ്റ് ഞായർ, തിങ്കൾ ദിവസങ്ങളിൽ തെക്കൻ-കിഴക്കൻ മേഖലകളിലേക്ക് വ്യാപിക്കും.
പെർത്തിലും  വെസ്റ്റേൺ ഓസ്‌ട്രേലിയയിലും കൊടുങ്കാറ്റ് ഭീഷണി; ലോങ് വീക്കെൻഡിൽ ജാഗ്രതാ നിർദ്ദേശം
ABC News: Keane Bourke
Published on

പെർത്ത്: വരാനിരിക്കുന്ന ലോങ് വീക്കെൻഡിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ (WA) തെക്കൻ മേഖലകളിലും തലസ്ഥാനമായ പെർത്തിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചേക്കാവുന്ന ശക്തമായ ശീതകാല കൊടുങ്കാറ്റ് (Winter Storm) ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലുള്ള വിനാശകരമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി (BOM) വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരത്തോടെ സെൻട്രൽ വെസ്റ്റ് കോസ്റ്റിൽ ആരംഭിക്കുന്ന കൊടുങ്കാറ്റ് ഞായർ, തിങ്കൾ ദിവസങ്ങളിൽ തെക്കൻ-കിഴക്കൻ മേഖലകളിലേക്ക് വ്യാപിക്കും.

അടുത്ത നാലോ അഞ്ചോ വർഷത്തിനിടയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും ശക്തമായ പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ജെയിംസ് ആഷ്‌ലി പറഞ്ഞു. തീരപ്രദേശങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കടൽ അതിശക്തമായി പ്രക്ഷുബ്ധമാകുമെന്നതിനാൽ എട്ട് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാനും ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത തീരശോഷണത്തിനും (Beach erosion) സാധ്യതയുണ്ട്. അതിനാൽ തീരവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ലോങ് വീക്കെൻഡ് പ്രമാണിച്ച് യാത്ര ചെയ്യുന്നവരും ക്യാമ്പിംഗിനായി പോകുന്നവരും കനത്ത ജാഗ്രത പാലിക്കണമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ് (DFES) അസിസ്റ്റന്റ് കമ്മീഷണർ പോൾ കാർ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ വലിയ മരങ്ങളുള്ള റോഡുകളിലൂടെയുള്ള യാത്രയും മരങ്ങൾക്ക് താഴെയുള്ള ക്യാമ്പിംഗും ഒഴിവാക്കണം. വീട്ടുപറമ്പിലെ അനാവശ്യ മരച്ചില്ലകൾ വെട്ടിമാറ്റാനും വീടിന് പുറത്തുള്ള അയഞ്ഞ വസ്തുക്കൾ സുരക്ഷിതമായി മാറ്റിവെക്കാനും ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ ചാർജ്ജ് ചെയ്തു വെക്കാനും അടിയന്തിര വിവരങ്ങൾ അറിയാനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ കരുതാനും അധികൃതർ ഓർമ്മിപ്പിച്ചു.

Metro Australia
maustralia.com.au