ഉഷ്ണതരംഗത്തിൽ കരിഞ്ഞുണങ്ങി വിളകൾ; വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ കർഷകർക്ക് കോടികളുടെ നഷ്ടം

കഴിഞ്ഞ ആഴ്ചയിൽ മേഖലയിലെ താപനില ജനുവരിയിലെ റെക്കോർഡ് നിരക്കായ 47.9 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു.

WA Heatwave
ABC Pilbara: Rachel Hagan
Published on

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പ്രധാന കൃഷിമേഖലയായ ഗാസ്‌കോയിനിൽ (Gascoyne) അനുഭവപ്പെട്ട കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഏകദേശം 10 ലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) കൃഷിനാശം. ഉഷ്ണതരംഗം മൂലം പഴവർഗങ്ങൾ ചെടിയിൽ കിടന്നുതന്നെ വെന്തുപോകുന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ മേഖലയിലെ താപനില ജനുവരിയിലെ റെക്കോർഡ് നിരക്കായ 47.9 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു.

പ്രധാനമായും വാഴ, മാവ്, അവോക്കാഡോ, നാരകം തുടങ്ങിയ കൃഷികളെയാണ് ഉഷ്ണതരംഗം സാരമായി ബാധിച്ചത്. കർണാർവോണിലെ (Carnarvon) പല തോട്ടങ്ങളിലും 30 മുതൽ 40 ശതമാനം വരെ വിളനാശം സംഭവിച്ചതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു. മാമ്പഴ കൃഷിയിൽ മികച്ച വിളവ് പ്രതീക്ഷിച്ചിരുന്ന സമയത്താണ് കടുത്ത ചൂട് വില്ലനായി എത്തിയത്. ഇത് വരും മാസങ്ങളിൽ പെർത്ത് (Perth) ഉൾപ്പെടെയുള്ള വിപണികളിൽ പഴവർഗങ്ങളുടെ വില കൂടാൻ കാരണമായേക്കും.

Also Read
പെർത്തിൽ വാടകയ്ക്ക് താമസിക്കുന്നവരെ വലവിരിച്ച് തട്ടിപ്പുകാർ

WA Heatwave

മറ്റ് പ്രകൃതിക്ഷോഭങ്ങൾ ബാധിക്കുന്ന കർഷകർക്ക് ലഭിക്കുന്ന ദുരിതാശ്വാസ സഹായങ്ങൾ ഉഷ്ണതരംഗം മൂലമുള്ള കൃഷിനാശത്തിന് ലഭിക്കുന്നില്ല എന്നതാണ് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കാർഷിക വകുപ്പ് ഉഷ്ണതരംഗത്തെ ഒരു സ്വാഭാവിക ദുരന്തമായി (Natural Disaster) കണക്കാക്കാത്തതാണ് ഇതിന് കാരണം. എന്നാൽ, വെള്ളപ്പൊക്കവും ചുഴലിക്കാറ്റും പോലെ തന്നെ ഉഷ്ണതരംഗത്തെയും ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സഹായം നൽകണമെന്ന് കർഷക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Metro Australia
maustralia.com.au