

പെർത്തിൽ നിന്ന് അൽബനിയിലേക്ക് യാത്രാ ട്രെയിൻ സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത തുറക്കുന്നു. സംസ്ഥാനത്തെ ചരക്ക് റെയിൽ ശൃംഖല സർക്കാർ തിരിച്ചുവാങ്ങാനുള്ള പദ്ധതിയാണ് പുതിയ പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയത്. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഗ്രേറ്റ് സതേൺ മേഖലയിലെ വിവിധ പട്ടണങ്ങളെ പ്രധാന സേവനങ്ങളുമായി ബന്ധിപ്പിക്കാൻ യാത്രാ ട്രെയിൻ സഹായിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. പെർത്തിൽനിന്ന് അൽബനിയിലേക്ക് ഏകദേശം 450 കിലോമീറ്റർ നീളുന്ന ഗ്രേറ്റ് സതേൺ റെയിൽപാത 1900കളിലാണ് നിർമിച്ചത്. നറോജിൻ, വാഗിൻ, കറ്റാനിങ്, ടാംബെല്ലപ്, മൗണ്ട് ബാർക്കർ എന്നിവയുൾപ്പെടെ നിരവധി പട്ടണങ്ങളിലൂടെ പാത കടന്നുപോകുന്നു. 1978ൽ നിർത്തലാക്കിയ യാത്രാ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ പിന്നീട് പലതവണ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.
സാധ്യതാ പഠനം വേണമെന്ന് റെയിൽവേ അനുകൂലികൾ
ചരക്ക് റെയിൽ ശൃംഖല സർക്കാർ ഏറ്റെടുക്കുന്നത് കാർഷിക ചരക്കുനീക്കത്തിനും യാത്രാ സർവീസുകൾക്കും പുതിയ അവസരമാകുമെന്ന് റെയിൽവേ അനുകൂല സംഘടനയായ കൗണ്ടർനെറ്റ് റെയിൽ അലയൻസ് ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങളും ചെലവുകളും വിശദമായി പരിശോധിക്കേണ്ട സമയമാണിതെന്ന് സംഘടനാ വക്താവ് സൈമൺ ലയാസ് പറഞ്ഞു. പത്തോ ഇരുപതോ വർഷങ്ങൾക്കുശേഷം പദ്ധതി നടപ്പാക്കുന്നതിനേക്കാൾ ഇപ്പോൾ പരിഗണിക്കുന്നതാണ് ചെലവുകുറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ സാധ്യതകൾ വിലയിരുത്താൻ വിശദമായ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാദേശിക റെയിൽ ശൃംഖല വീണ്ടും പൊതുനിയന്ത്രണത്തിലാക്കുകയാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഗ്രേറ്റ് സതേൺ മേഖലയിലെ യാത്രാ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനോട് തത്ത്വത്തിൽ അനുകൂല നിലപാടാണ് സർക്കാരിനുള്ളത്. പൊതുനിയന്ത്രണം വന്നാൽ പുതിയ യാത്രാ റെയിൽ സർവീസുകളുടെ സാധ്യതകൾ പരിഗണിക്കാനാകുമെന്ന് ഗതാഗത മന്ത്രി റീത്ത സാഫിയോട്ടിയുടെ വക്താവ് പറഞ്ഞു. എന്നാൽ, റോഡ് ഗതാഗതത്തിന് പകരമായി പ്രായോഗികമായ ഒരു സംവിധാനമാക്കി യാത്രാ ട്രെയിൻ സർവീസ് മാറ്റുന്നതിന് അടിസ്ഥാനസൗകര്യ വികസനത്തിനും തുടർച്ചയായ പ്രവർത്തനച്ചെലവുകൾക്കുമായി വലിയ നിക്ഷേപം ആവശ്യമായി വരുമെന്നും സർക്കാർ വ്യക്തമാക്കി.
വിനോദസഞ്ചാരത്തിന് പുതിയ അവസരം
അൽബനി നഗരസഭയും റെയിൽപാത കടന്നുപോകുന്ന മറ്റു പ്രധാന പ്രാദേശിക നഗരങ്ങളും പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പതിനാറാം വയസ്സിൽ പഴയ യാത്രാ ട്രെയിനിൽ യാത്ര ചെയ്ത ഓർമയുള്ള അൽബനി മേയർ ഗ്രെഗ് സ്റ്റോക്സ്, സർവീസ് പുനരാരംഭിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്ന് പറഞ്ഞു.
വിനോദസഞ്ചാരികളെ ആശ്രയിക്കുന്ന നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾക്കും ഗ്രേറ്റ് സതേൺ മേഖലയിലെ സമ്പദ്വ്യവസ്ഥയ്ക്കും പദ്ധതി ഗുണകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉൾപ്രദേശങ്ങളിലൂടെ ട്രെയിനിൽ യാത്ര ചെയ്യുന്നതുതന്നെ സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ സാധ്യതാ പഠനത്തെ നഗരസഭ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭവനം, ആരോഗ്യം, റോഡുകൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സംസ്ഥാന സർക്കാരിൽനിന്ന് ധനസഹായം തേടേണ്ടതുണ്ടെന്ന് മേയർ ചൂണ്ടിക്കാട്ടി.
ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങളിലേക്കുള്ള ബന്ധം
പെർത്തിനും അൽബനിക്കും ഇടയിലുള്ള ചെറുപട്ടണങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ യാത്രാ ട്രെയിൻ നിർണായകമാകുമെന്ന് കറ്റാനിങ് ഷയർ പ്രസിഡന്റ് ക്രിസ്റ്റി ഡി'അപ്രിലെ പറഞ്ഞു. ആരോഗ്യപരിചരണത്തിലും വിദ്യാഭ്യാസത്തിലും കറ്റാനിങ് ഉൾപ്പെടെയുള്ള ചെറുപ്രാദേശിക സമൂഹങ്ങൾ നേരിടുന്ന പരിമിതികൾ അവർ ചൂണ്ടിക്കാട്ടി. പ്രധാന സേവനങ്ങൾ ലഭിക്കുന്ന പെർത്തിലേക്കും അൽബനിയിലേക്കും യാത്ര ചെയ്യാൻ സ്ഥിരമായ ട്രെയിൻ സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ.
കറ്റാനിങ് മേഖലയിലെ അറവുശാലകളിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നവർക്കും മെച്ചപ്പെട്ട യാത്രാസൗകര്യം ഗുണകരമാകും. തൊഴിലാളികളെ ആകർഷിക്കാനും നിലനിർത്താനും സ്ഥിരവും വിശ്വസനീയവുമായ യാത്രാ റെയിൽ ശൃംഖല സഹായിക്കുമെന്നും അവർ പറഞ്ഞു. കേർട്ടിൻ സർവകലാശാലയിലെ സുസ്ഥിരതാ പഠനവിഭാഗം പ്രൊഫസർ പീറ്റർ ന്യൂമാനും പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്ലൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ ചെറുപട്ടണങ്ങൾക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്നും സമാനമായ മാതൃക വെസ്റ്റേൺ ഓസ്ട്രേലിയയിലും പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്രാ ട്രെയിൻ പുനരാരംഭിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ചെലവ്, പ്രവർത്തനസാധ്യത, സാമ്പത്തിക നേട്ടങ്ങൾ എന്നിവ വിലയിരുത്തുന്ന പഠനവും തുടർനടപടികളുമാകും പദ്ധതിയുടെ ഭാവി നിർണയിക്കുക.