നായ്ക്കളുടെ ക്രൂരമായ ആക്രമണം; 80 ചെമ്മരിയാടുകളും കുഞ്ഞുങ്ങളും ചത്തൊടുങ്ങി,WAയിൽ കർഷകന് കനത്ത നഷ്ടം

നായ്ക്കളുടെ ക്രൂരമായ ആക്രമണം; 80 ചെമ്മരിയാടുകളും കുഞ്ഞുങ്ങളും ചത്തൊടുങ്ങി,WAയിൽ കർഷകന് കനത്ത നഷ്ടം
(Landline: Andrew Chounding
Published on: 

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ മാസങ്ങളായി തുടരുന്ന നായ്ക്കളുടെ ആക്രമണത്തിൽ 80-ലധികം ചെമ്മരിയാടുകളും കുഞ്ഞാടുകളും ചത്തൊടുങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടത്തിലും കടുത്ത മാനസിക വിഷമത്തിലും ഒരു കർഷകൻ. പെർത്തിൽ നിന്ന് 385 കിലോമീറ്റർ തെക്കുകിഴക്കുള്ള പൊറോംഗുറപ്പിൽ (Porongurup) മെറിനോ, വൈറ്റ് സഫോക്ക് ഇനം ആടുകളെ വളർത്തുന്ന ബ്രാഡ് ക്ലൂയറ്റിന്റെ ഫാമിലാണ് ദാരുണമായ സംഭവം ഉണ്ടായത്. തലയിലും മുഖത്തും കടിച്ചുപറിച്ച് ചോരവാർന്ന് മരിച്ച നിലയിലാണ് ഭൂരിഭാഗം ആടുകളെയും കണ്ടെത്തിയത്.

മേയ് മാസത്തിൽ പ്രസവ സമയത്തുണ്ടായ ഏറ്റവും വലിയ ആക്രമണത്തിൽ മാത്രം 40 ആട്ടിൻകുഞ്ഞുങ്ങളും 10 തള്ളയാടുകളുമാണ് ചത്തത്. പരിക്കുകളുടെ സ്വഭാവം പരിശോധിച്ചാൽ വളർത്തുനായ്ക്കളാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി കർഷകൻ വ്യക്തമാക്കി. സമീപത്തെ മറ്റ് ഫാമുകളിലും വളർത്തുമൃഗങ്ങൾക്ക് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ആക്രമണങ്ങൾ നിരന്തരമായതോടെ ഭയം കാരണം തള്ളയാടുകൾ ഗർഭച്ഛിദ്രം സംഭവിക്കുന്നതിനും കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതിനും ഇടയാക്കി. ഫാമുകൾക്ക് സമീപം താമസിക്കുന്നവർ തങ്ങളുടെ വളർത്തുനായ്ക്കളെ അഴിച്ചുവിടുന്നത് ഇത്തരം വിനാശകരമായ വേട്ടയാടലുകളിലേക്ക് നയിക്കാറുണ്ടെന്ന് വാഫാർമേഴ്‌സ് പ്രസിഡന്റ് സ്റ്റീവ് മക്ഗുയർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഷയർ ഓഫ് പ്ലാന്റാജെനെറ്റ് അധികൃതർ സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ നായ്ക്കളെ കണ്ടെത്തി ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും കർഷകന്റെ സാമ്പത്തിക നഷ്ടം ഈടാക്കാനും നടപടി സ്വീകരിക്കുമെന്ന് കൗൺസിൽ അറിയിച്ചു.

Metro Australia
maustralia.com.au