സ്രാവിന്റെ ആക്രമണങ്ങൾ തടയാൻ AI ഡ്രോണുകളും ടാഗിംഗും;സുരക്ഷ ശക്തമാക്കാൻ 5 ദശലക്ഷം ഡോളർ അനുവദിച്ച് WA

സ്രാവുകളുടെ സാന്നിധ്യവും അവയുടെ ഇനങ്ങളും തനിയെ തിരിച്ചറിയാൻ ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ ഉപയോഗിക്കുന്ന എഐ ഡ്രോൺ സാങ്കേതികവിദ്യ ഇവിടെയും പരീക്ഷിക്കും.
സ്രാവിന്റെ ആക്രമണങ്ങൾ തടയാൻ AI ഡ്രോണുകളും ടാഗിംഗും;സുരക്ഷ ശക്തമാക്കാൻ 5 ദശലക്ഷം ഡോളർ അനുവദിച്ച് WA
ABC News: Berge Breiland
Published on: 

പെർത്ത്: തീരപ്രദേശങ്ങളിൽ സ്രാവുകളുടെ സാന്നിധ്യം വർധിക്കുകയും ആക്രമണങ്ങളിൽ ആളപായം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ, ബീച്ചുകളിൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതികളുമായി വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാർ. സ്രാവിനെ തത്സമയം തിരിച്ചറിയാൻ സഹായിക്കുന്ന 'ഷാർക്ക്-ടാഗിംഗ്' പദ്ധതി വിപുലീകരിക്കുന്നതിനും നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ ഡ്രോണുകൾ വിന്യസിക്കുന്നതിനുമായി 5 ദശലക്ഷം ഡോളറിന്റെ (ഏകദേശം 27.5 കോടി രൂപ) അധിക ഫണ്ട് അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജാക്കി ജാർവിസ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തിന്റെ ആകെ സ്രാവ് പ്രതിരോധ ബജറ്റ് 12 ദശലക്ഷം ഡോളറായി ഉയർന്നു.

കഴിഞ്ഞ മാസം സൊറെന്റോ ബീച്ചിൽ നീന്തൽതാരം സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും, കഴിഞ്ഞയാഴ്ച സിറ്റി ബീച്ചിൽ ചത്ത തിമിംഗലത്തിന്റെ സാന്നിധ്യത്തെത്തുടർന്ന് വൻതോതിൽ സ്രാവുകൾ തീരത്തേക്ക് അടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്റർ നിരീക്ഷണത്തിന് 2.3 ദശലക്ഷം ഡോളറും ഡ്രോൺ പട്രോളിംഗിന് 1.2 ദശലക്ഷം ഡോളറും നീക്കിവെച്ചത്. സ്രാവുകളുടെ സാന്നിധ്യവും അവയുടെ ഇനങ്ങളും തനിയെ തിരിച്ചറിയാൻ ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ ഉപയോഗിക്കുന്ന എഐ ഡ്രോൺ സാങ്കേതികവിദ്യ ഇവിടെയും പരീക്ഷിക്കും. കൂടാതെ, സ്രാവുകളുടെ സഞ്ചാരം ട്രാക്ക് ചെയ്യാനുള്ള 10 പുതിയ അക്കൗസ്റ്റിക് റിസീവറുകൾ തീരങ്ങളിൽ സ്ഥാപിക്കും. ഇവ വഴി സ്രാവുകൾ അടുത്തെത്തുമ്പോൾ തത്സമയ വിവരങ്ങൾ 'ഷാർക്ക് സ്മാർട്ട്' ആപ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. അതേസമയം, സ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കണമെന്ന ആവശ്യങ്ങൾ സർക്കാർ തള്ളി. ബാക്ടീരിയ സാന്നിധ്യം കുറഞ്ഞതിനെ തുടർന്ന് അടച്ചിട്ടിരുന്ന സിറ്റി ബീച്ച് ഉൾപ്പെടെയുള്ള ബീച്ചുകൾ ബുധനാഴ്ച രാവിലെ മുതൽ വീണ്ടും തുറന്നു നൽകിയിട്ടുണ്ട്.

Metro Australia
maustralia.com.au