

പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ജനപ്രിയ വനിതാ ജിം വസ്ത്ര ബ്രാൻഡായ Velocity Activewear-ന്റെ ആദ്യ റീട്ടെയിൽ സ്റ്റോർ ഈ വർഷം ഒക്ടോബറിൽ പ്രവർത്തനം അവസാനിപ്പിക്കും. കരിന്യപ്പ് ഷോപ്പിംഗ് സെന്ററിലെ സ്റ്റോർ അടയ്ക്കുന്നതായി കമ്പനി സ്ഥാപക മില്ലി ടർലി അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ടർലി പ്രഖ്യാപനം നടത്തിയത്. റീട്ടെയിൽ രംഗത്ത് വെലോസിറ്റിയുടെ യാത്ര ആരംഭിച്ചത് കരിന്യപ്പ് സ്റ്റോറിലൂടെയായിരുന്നുവെന്നും പിന്നീട് രാജ്യത്തുടനീളം ആറ് റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു.
"ഇത് സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന നിമിഷമാണ്. വെലോസിറ്റിയുടെ റീട്ടെയിൽ ലോകത്തിലെ എല്ലാ തുടക്കവും ഈ സ്റ്റോറിലൂടെയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ സ്റ്റോർ അതിന്റെ ദൗത്യം മികച്ച രീതിയിൽ നിർവഹിച്ചു. ഇനി ഞങ്ങൾ അതിലും വലിയതും മികച്ചതുമായ പുതിയ ലക്ഷ്യങ്ങളിലേക്കാണ് നീങ്ങുന്നത്," ടർലി പറഞ്ഞു. നിലവിൽ ഓസ്ട്രേലിയയിലാകെ വെലോസിറ്റിക്ക് ആറ് റീട്ടെയിൽ സ്റ്റോറുകളാണുള്ളത്. പെർത്തിൽ ബട്ട്ലറിലും കാനിങ്ടണിലുമാണ് കമ്പനിയുടെ മറ്റ് രണ്ട് ശാഖകൾ പ്രവർത്തിക്കുന്നത്.
കരിന്യപ്പ് സ്റ്റോറിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സ്ഥിരീകരിച്ച ടർലി, പുതിയ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അറിയിച്ചു. "ഈ സ്റ്റോറിനെ പിന്തുണച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി. റീട്ടെയിൽ രംഗത്ത് വെലോസിറ്റിയെ വളർത്തിയെടുക്കാൻ നിങ്ങളാണ് സഹായിച്ചത്. നാളെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനുണ്ട്. എന്നാൽ ഒക്ടോബർ മുതൽ ഈ സ്റ്റോർ ഇവിടെ ഉണ്ടാകില്ല," അവർ പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. "ഇത് നിരാശാജനകമാണെങ്കിലും അടുത്ത സ്റ്റോർ എവിടെയാണെന്ന് അറിയാൻ ആകാംക്ഷയുണ്ട്," എന്നാണ് ഒരാൾ കുറിച്ചത്. ബൂറഗൂൺ മികച്ച പുതിയ ലൊക്കേഷനായിരിക്കുമെന്ന നിർദേശവും മറ്റൊരു ഉപഭോക്താവ് മുന്നോട്ടുവച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ, കമ്പനിയുടെ പുതിയ പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനം ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടാകുമെന്നാണ് സൂചന.