ഊബർ എത്തിയിട്ടും രക്ഷയില്ല;ബ്രൂമിൽ രാത്രികാല യാത്രാദുരിതം രൂക്ഷം,വലഞ്ഞ് വിനോദസഞ്ചാരികളും നാട്ടുകാരും

ടൂറിസ്റ്റ് സീസണിൽ പോലും പൊതുബസുകൾ വൈകുന്നേരം ഏഴ് മണിയോടെ സർവീസ് അവസാനിപ്പിക്കുന്നതാണ് പ്രധാന തിരിച്ചടി.
ഊബർ എത്തിയിട്ടും രക്ഷയില്ല;ബ്രൂമിൽ രാത്രികാല യാത്രാദുരിതം രൂക്ഷം,വലഞ്ഞ് വിനോദസഞ്ചാരികളും നാട്ടുകാരും
Published on: 

പെർത്ത്: ആഗോള റൈഡ് ഷെയറിങ് ഭീമനായ ഊബർ (Uber) സർവീസ് ആരംഭിച്ചിട്ടും വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര നഗരമായ ബ്രൂമിൽ (Broome) രാത്രികാല യാത്രാപ്രതിസന്ധി തുടരുന്നു. പെർത്തിൽ നിന്ന് 2,000 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഈ വിദൂര മേഖലയിൽ വൈകുന്നേരമാകുന്നതോടെ യാത്രക്കാർക്ക് തെരുവിൽ കുടുങ്ങേണ്ട അവസ്ഥയാണ്. ജൂലൈയിൽ വലിയ പ്രതീക്ഷകളോടെയാണ് ഊബർ സർവീസ് തുടങ്ങിയതെങ്കിലും ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതിനാൽ ആപ്പ് വഴി വാഹനങ്ങൾ ലഭ്യമാകുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

ടൂറിസ്റ്റ് സീസണിൽ പോലും പൊതുബസുകൾ വൈകുന്നേരം ഏഴ് മണിയോടെ സർവീസ് അവസാനിപ്പിക്കുന്നതാണ് പ്രധാന തിരിച്ചടി. ഭൂരിഭാഗം ടാക്സികളും ഇതേ സമയത്ത് പ്രവർത്തനം നിർത്തുന്നു. രാത്രി വൈകി സർവീസ് നടത്തുന്ന ചുരുക്കം ചില സ്വകാര്യ ടാക്സികളാകട്ടെ, 10 മിനിറ്റ് ദൂരമുള്ള യാത്രയ്ക്ക് പോലും 60 ഡോളറോളം ഈടാക്കുന്നതായും ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതായും നാട്ടുകാർ പറയുന്നു. ടാക്സിയോ ഊബറോ കിട്ടാതെ ഇ-സ്‌കൂട്ടറുകളെ ആശ്രയിക്കുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്.

രാത്രികാലങ്ങളിലെ സാമൂഹികവിരുദ്ധ അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും ഭയന്നാണ് പല ടാക്സി ഡ്രൈവർമാരും വൈകുന്നേരത്തിന് ശേഷം സർവീസ് നടത്താത്തതെന്ന് പ്രദേശത്തെ ടാക്സി ഓപ്പറേറ്റർമാർ വ്യക്തമാക്കുന്നു. യാത്രാസൗകര്യങ്ങളുടെ കുറവ് പലരെയും മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇത് നിയമലംഘനമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മേഖലകളിൽ രാത്രികാല ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ട്രാൻസ്‌പോർട്ട് മന്ത്രി റീത്ത സഫിയോട്ടി വ്യക്തമാക്കി.

Metro Australia
maustralia.com.au