

ഓസ്‌ട്രേലിയയിലെ പെർത്തിന്റെ വടക്കൻ മേഖലയിൽ ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ രണ്ട് കൗമാരക്കാർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 10.20ഓടെ ബുൾസ്‌ബ്രൂക്കിലെ റെയിൽവേ പരേഡിലൂടെ സഞ്ചരിച്ച ബിഎംഡബ്ല്യു 3 സീരീസ് സെഡാൻ നിയന്ത്രണംവിട്ട് റോഡിൽനിന്ന് തെന്നിമാറി നിരവധി മരങ്ങളിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാർ ഓടിച്ചിരുന്ന 16 വയസ്സുകാരനും അതേ പ്രായത്തിലുള്ള മറ്റൊരു കൗമാരക്കാരനുമാണ് അപകടസ്ഥലത്തുവെച്ച് മരിച്ചത്. കാറിലുണ്ടായിരുന്ന 17 വയസ്സുകാരായ മറ്റ് രണ്ടുപേരെ ഗുരുതര പരിക്കുകളോടെ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയ പൊലീസ് മേജർ ക്രാഷ് അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അപകടത്തെക്കുറിച്ച് വിവരമോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.