

പെർത്ത്: പശ്ചിമ ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ പെർത്തിലെ സിറ്റി ബീച്ചിന് സമീപം തിമിംഗലത്തിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം നൽകി. തിങ്കളാഴ്ച രാവിലെ 7.30-ഓടെയാണ് സർഫ് ലൈഫ് സേവിംഗ് വാ (Surf Life Saving WA) കടലിൽ തിമിംഗലത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
തിമിംഗലത്തിന്റെ മൃതദേഹം സ്രാവുകളെ കരയിലേക്ക് ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് റീജിയണൽ ഡെവലപ്‌മെന്റ് (DPIRD) മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് നോർത്ത് ഫ്രീമാന്റിൽ നിന്ന് സിറ്റി ബീച്ച് വരെയുള്ള പ്രദേശങ്ങളിൽ കടുത്ത ജാഗ്രത പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കടലിൽ ഇറങ്ങരുതെന്നും കൗൺസിൽ റേഞ്ചർമാരും ലൈഫ് ഗാർഡുകളും നൽകുന്ന മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മേഖലയിലെ സ്രാവുകളുടെ സാന്നിധ്യം 'ഷാർക്ക് സ്മാർട്ട്' (SharkSmart) വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് നിരീക്ഷിക്കാവുന്നതാണ്. കടലിൽ സ്രാവുകളെ കണ്ടാൽ ഉടനടി വാട്ടർ പോലീസിനെ (9442 8600) വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ അധികൃതർ നിലവിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണ്.