

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ (Western Australia) ഗ്രാമീണ മേഖലകളിൽ ബദൽ സൗകര്യങ്ങളേർപ്പെടുത്താതെ ടെൽസ്ട്ര (Telstra) നടത്തുന്ന നെറ്റ്‌വർക്ക് നവീകരണം അടിയന്തര രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്ക. ഗ്രേറ്റ് സതേൺ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര-കാർഷിക കേന്ദ്രമായ ഗ്നോവാഞ്ചറപ്പിലാണ് (Gnowangerup) 4G, 5G അപ്‌ഗ്രേഡിന്റെ ഭാഗമായി എട്ട് ദിവസത്തോളം ദിവസവും എട്ട് മണിക്കൂർ വരെ മൊബൈൽ സിഗ്നലുകൾ തടസ്സപ്പെടുന്നത് UA News റിപ്പോർട്ട് ചെയ്തു. ബ്ലഫ് നോൾ , സ്റ്റെർലിംഗ് റേഞ്ച് തുടങ്ങിയ ദുർഘട മലനിരകളിൽ ഉണ്ടാകുന്ന റോഡപകടങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും വോളന്റിയർമാരെ ബന്ധപ്പെടാൻ മൊബൈൽ ഫോണുകളെയാണ് പൂർണ്ണമായും ആശ്രയിക്കുന്നതെന്നും, നെറ്റ്‌വർക്ക് നിലയ്ക്കുന്നത് ആളുകളുടെ ജീവന് തന്നെ ഭീഷണിയാണെന്നും സ്റ്റേറ്റ് എമർജൻസി സർവീസ് (SES) മാനേജർ മാൻഡി ഹന്ന മുന്നറിയിപ്പ് നൽകി.
എട്ട് മണിക്കൂർ നീളുന്ന സിഗ്നൽ തടസ്സം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ ഇഫ്റ്റ്‌പോസ് (EFTPOS) പേയ്‌മെന്റുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ നേരിടുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ടെൽസ്ട്ര അധികൃതർ, ബദൽ വൈഫൈ കോളിംഗ് സംവിധാനം ഉപയോഗിക്കാനും, ട്രിപ്പിൾ സീറോ (000) എമർജൻസി കോളുകൾ മറ്റ് നെറ്റ്‌വർക്കുകൾ വഴി ബന്ധിപ്പിക്കപ്പെടുമെന്നും അറിയിച്ചു