

പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള ബീക്കൺസ്ഫീൽഡിലെ സർക്കാർ ഭവന സമുച്ചയത്തിൽ ആഴ്ചകളായി തുടരുന്ന ജലക്ഷാമത്തെ തുടർന്ന് താമസക്കാർ ദുരിതത്തിലായി. കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ചിലർ പക്ഷികൾക്കായി വെച്ചിരുന്ന വെള്ളം കുടിക്കേണ്ടിവന്നതായി ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയൻ പ്രീമിയർ റോജർ കുക്ക് താമസക്കാരോട് പരസ്യമായി മാപ്പ് പറഞ്ഞു. ലെഫ്രോയ് റോഡിലുള്ള സാമൂഹിക ഭവന സമുച്ചയത്തിലെ 13 കുടുംബങ്ങൾക്കാണ് പ്രശ്നം നേരിടുന്നത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വീടുകളിലെ ജലവിതരണം പൂർണമായും നിലച്ചതോടെ കുളിക്കാനും, ശുചിമുറി ഉപയോഗിക്കാനും, പാത്രങ്ങളും വസ്ത്രങ്ങളും കഴുകാനും കഴിയാത്ത അവസ്ഥയാണ്.
പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ പഴക്കമുള്ളതാണെന്നും എവിടെയോ ചോർച്ച ഉണ്ടായിരിക്കാമെന്നും പ്രീമിയർ റോജർ കുക്ക് പറഞ്ഞു. താമസക്കാർ നേരിടുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം കുപ്പിവെള്ളം വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിച്ചതായും അറിയിച്ചു. ഒരു മാസത്തിലേറെയായി കുറഞ്ഞ ജലസമ്മർദ്ദം നേരിട്ടിരുന്ന സമുച്ചയത്തിൽ വെള്ളിയാഴ്ച രാത്രി പൈപ്പ് പൊട്ടിയതോടെയാണ് സ്ഥിതി കൂടുതൽ രൂക്ഷമായത്. ശനിയാഴ്ച പ്രശ്നം പരിശോധിക്കാൻ കരാറുകാർ വീണ്ടും സ്ഥലത്തെത്തിയതായി സർക്കാർ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ "മൂന്നാം ലോക രാജ്യങ്ങളിലെ സാഹചര്യം" പോലെയാണ് തങ്ങൾ ജീവിക്കുന്നതെന്ന് താമസക്കാർ ആരോപിച്ചു. അടിയന്തരമായി മറ്റൊരു താമസസൗകര്യം ഒരുക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, പുതിയ ജലവകുപ്പ് മന്ത്രി ഡാനിയൽ പാസ്റ്റോറെല്ലിയുടെ പ്രവർത്തനം ഈ വിഷയത്തിൽ നിർണായക പരീക്ഷണമാണെന്ന് പ്രതിപക്ഷ നേതാവ് ബേസിൽ സെംപിലാസ് വിമർശിച്ചു.