

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെർത്തിലെ സുബിയാക്കോ (Subiaco) മലിനജല ശുദ്ധീകരണ പ്ലാന്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. 'വാക്സിൻ ഡിറൈവ്ഡ് പോളിയോ വൈറസ് ടൈപ്പ് 2' (Vaccine-derived poliovirus Type 2) എന്ന വിഭാഗത്തിൽപ്പെട്ട വൈറസിനെയാണ് കണ്ടെത്തിയത്. ആഫ്രിക്ക, യൂറോപ്പ്, പാപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് സമാനമായ സ്ട്രെയിൻ ആണിതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയിൽ ഇതാദ്യമായാണ് ഈ പ്രത്യേക സ്ട്രെയിൻ കണ്ടെത്തുന്നത്. എങ്കിലും പൊതുജനങ്ങൾക്ക് ഇത് വലിയ ഭീഷണി ഉയർത്തുന്നില്ലെന്ന് ഡബ്ല്യുഎ ചീഫ് ഹെൽത്ത് ഓഫീസർ ഡോ. ക്ലെയർ ഹപ്പറ്റ്സ് പറഞ്ഞു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ 92 ശതമാനം കുട്ടികളും പോളിയോ വാക്സിൻ സ്വീകരിച്ചവരാണ്. അതിനാൽ രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെന്നും അവർ കൂട്ടിച്ചേർത്തു. വിദേശത്തുനിന്ന് എത്തിയ ആരെങ്കിലും വിസർജ്യത്തിലൂടെ വൈറസിനെ പുറന്തള്ളിയതാകാം (Shedding) എന്നാണ് കരുതുന്നത്.
വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് മലിനജല പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സുബിയാക്കോ, പെർത്ത് സിബിഡി എന്നിവിടങ്ങളിലെ ഏകദേശം 2,50,000 ആളുകൾ ഉൾപ്പെടുന്ന മേഖലയിലാണ് പരിശോധന കർശനമാക്കിയത്. 2000-ൽ ഓസ്‌ട്രേലിയയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. 1972-ന് ശേഷം രാജ്യത്ത് പോളിയോ വൈറസ് പടർന്നതായി റിപ്പോർട്ടുകളില്ല. എങ്കിലും വിദേശയാത്രകൾ സജീവമായ സാഹചര്യത്തിൽ എല്ലാവരും കൃത്യമായി വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.