

പെർത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലൊന്നായ തമാല പാർക്ക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റിയിൽ അപകടകരമായ അളവിൽ മലിനമായ ദ്രാവകം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. ഭൂഗർഭത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മലിന ദ്രാവകമായ ‘ലീച്ചേറ്റ്’ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവിടണമെന്നാണ് താമസക്കാരുടെ ആവശ്യം. പെർത്തിന്റെ വടക്കൻ മേഖലയിലെ തമാല പാർക്ക് നിവാസികൾക്ക് സമീപത്തെ മാലിന്യകേന്ദ്രത്തിൽ നിന്നുള്ള ദുർഗന്ധം നേരത്തെ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഭൂഗർഭ മലിനീകരണ സാധ്യതയാണ് കൂടുതൽ ആശങ്കയാകുന്നത്. “ദുർഗന്ധം അവരുടെ ജീവിതം നരകമാക്കുകയാണ്. ഭൂമിയിലെ മലിനീകരണവും ആശങ്കയുണ്ടാക്കുന്നു,” പ്രദേശവാസിയായ മേരി ഒ'ബൈറൺ പറഞ്ഞു.
സ്വതന്ത്രമായി നടത്തിയ പരിശോധനയിലാണ് മാലിന്യകേന്ദ്രത്തിൽ ഏകദേശം 167 ഒളിമ്പിക് വലുപ്പത്തിലുള്ള നീന്തൽക്കുളങ്ങൾക്ക് തുല്യമായ അളവിൽ ലീച്ചേറ്റ് അടിഞ്ഞുകൂടിയതായി കണ്ടെത്തിയത്. മാലിന്യങ്ങളിൽ നിന്ന് പുറത്തുവരുന്ന വിവിധ വസ്തുക്കൾ വെള്ളവുമായി കലർന്ന് രൂപപ്പെടുന്ന മലിന ദ്രാവകമാണ് ലീച്ചേറ്റ്. പെയിന്റ്, മരുന്നുകൾ തുടങ്ങി വിവിധ വസ്തുക്കൾ മാലിന്യകേന്ദ്രത്തിൽ നിക്ഷേപിക്കപ്പെടുന്നതിനാൽ ഇവ ലയിച്ച് അപകടകരമായ ഈ ദ്രാവകത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് വെസ്റ്റേൺ സിഡ്നി സർവകലാശാലയിലെ ഡോ. ഇയാൻ റൈറ്റ് പറഞ്ഞു.
35 വർഷമായി പ്രവർത്തിക്കുന്ന തമാല പാർക്ക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റിയിലേക്ക് പെർത്തിലെ ഏഴ് പ്രാദേശിക കൗൺസിലുകളുടെ കീഴിലുള്ള ഏകദേശം 8.5 ലക്ഷം വീടുകളിൽ നിന്നുള്ള മാലിന്യമാണ് എത്തുന്നത്. മൈൻഡറി റീജിയണൽ കൗൺസിലാണ് കേന്ദ്രത്തിന്റെ നടത്തിപ്പ്. നിലവിൽ മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാകുന്ന അപകടസാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ മാലിന്യകേന്ദ്രത്തിന് സമീപം പുതിയ താമസമേഖലകൾ വികസിച്ചുവരുന്നതിനാൽ ആശങ്ക ശക്തമാകുകയാണ്.
മലിനമായ ദ്രാവകം സമീപത്തെ ജലാശയങ്ങളിലേക്ക് എത്തുന്നത് പരിസ്ഥിതിക്ക് മലിനീകരണത്തിനും വിഷബാധയ്ക്കും കാരണമാകാമെന്നും അത് കുടിവെള്ളത്തിൽ എത്തുന്നത് ഒഴിവാക്കേണ്ടതാണെന്നും ഡോ. റൈറ്റ് മുന്നറിയിപ്പ് നൽകി.
ലീച്ചേറ്റ് കൈകാര്യം ചെയ്യുന്നതിനായി കൗൺസിൽ സമർപ്പിച്ച രണ്ട് പദ്ധതികൾ റെഗുലേറ്റർ ഇതിനകം തള്ളിയിട്ടുണ്ട്. നിർദേശിച്ച പ്രവർത്തനങ്ങൾ പ്രശ്നം പരിഹരിക്കുന്നതിന് പകരം കൂടുതൽ ലീച്ചേറ്റ് ഉണ്ടാക്കാൻ ഇടയാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. “ഈ സ്ഥലം എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നതെന്ന് അന്വേഷിക്കാൻ സർക്കാർ അന്വേഷണം വേണം,” മേരി ഒ'ബൈറൺ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നര വർഷമായി ലീച്ചേറ്റ് ബാഷ്പീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അധികൃതർ വ്യക്തമാക്കണമെന്നും അവർ പറഞ്ഞു. മാലിന്യകേന്ദ്രം ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ അടച്ചുപൂട്ടാനാണ് നിലവിലെ പദ്ധതി. അതേസമയം, ലീച്ചേറ്റ് നിയന്ത്രിക്കുന്നതിനുള്ള വിശദമായ പദ്ധതി സമർപ്പിക്കാൻ റെഗുലേറ്റർ മൈൻഡറി റീജിയണൽ കൗൺസിലിന് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.