മാലിന്യ നിർമ്മാർജ്ജനത്തിൽ പുതിയ മാറ്റവുമായി പെർത്ത് സിറ്റി; ഇനി ഭക്ഷണാവശിഷ്ടങ്ങൾ പച്ച ബിന്നിലേക്ക്

നേരത്തെ പൂന്തോട്ട മാലിന്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ ബിന്നുകളിൽ ഇനി മുതൽ ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കാം.
മാലിന്യ നിർമ്മാർജ്ജനത്തിൽ പുതിയ മാറ്റവുമായി പെർത്ത് സിറ്റി; ഇനി ഭക്ഷണാവശിഷ്ടങ്ങൾ പച്ച ബിന്നിലേക്ക്
Give FOGO a go
Published on

പെർത്ത്: നഗരത്തിലെ മാലിന്യ നിർമ്മാർജ്ജന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പെർത്ത് സിറ്റി 'ഫോഗോ' (FOGO) പദ്ധതിക്ക് തുടക്കം കുറിച്ചു. ഭക്ഷണാവശിഷ്ടങ്ങളും പ്രകൃതിദത്തമായ പൂന്തോട്ട മാലിന്യങ്ങളും പ്രത്യേകമായി ശേഖരിച്ച് വളമാക്കി മാറ്റുന്ന പദ്ധതിയാണിത്. ഈ മാസം മുതൽ അഞ്ച് യൂണിറ്റുകൾ വരെയുള്ള വീടുകളിലും ചെറിയ കെട്ടിടങ്ങളിലും പച്ച ലിഡ്ഡുള്ള ഫോഗോ ബിന്നുകൾ വിതരണം ചെയ്തു തുടങ്ങി. നേരത്തെ പൂന്തോട്ട മാലിന്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ ബിന്നുകളിൽ ഇനി മുതൽ ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കാം.

എന്തൊക്കെ ഫോഗോ ബിന്നിൽ നിക്ഷേപിക്കാം?

ഭക്ഷണാവശിഷ്ടങ്ങൾ (പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മീൻ, മുട്ടത്തോട്, ചായപ്പൊടി, ബ്രഡ് തുടങ്ങിയവ), പൂന്തോട്ട മാലിന്യങ്ങൾ (പുല്ല്, പൂക്കൾ, ചെറിയ മരച്ചില്ലകൾ, ഇലകൾ) എന്നിവ പച്ച ലിഡ്ഡുള്ള ബിന്നിൽ ഇടാം. പ്ലാസ്റ്റിക് കവറുകൾ, ബയോഡീഗ്രേഡബിൾ എന്ന് രേഖപ്പെടുത്തിയ സാധാരണ പ്ലാസ്റ്റിക് ബാഗുകൾ എന്നിവ ഇതിൽ ഇടാൻ പാടില്ല. കമ്പോസ്റ്റബിൾ (Compostable) എന്ന് സാക്ഷ്യപ്പെടുത്തിയ ലൈനറുകൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ.

മാറ്റങ്ങൾ ഇങ്ങനെ:

പദ്ധതിയുടെ ഭാഗമായി ഓരോ വീടിനും ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കാൻ ഒരു ചെറിയ കിച്ചൺ കാഡിയും കമ്പോസ്റ്റബിൾ ലൈനറുകളും സൗജന്യമായി നൽകും. പച്ച ലിഡ്ഡുള്ള ബിന്നുകൾ ആഴ്ചയിലൊരിക്കലും, ചുവന്ന ലിഡ്ഡുള്ള ജനറൽ വേസ്റ്റ് ബിന്നുകളും മഞ്ഞ ലിഡ്ഡുള്ള റീസൈക്ലിംഗ് ബിന്നുകളും രണ്ടാഴ്ചയിലൊരിക്കലും (alternating fortnights) ആയിരിക്കും ശേഖരിക്കുക. വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാരിന്റെ 'വേസ്റ്റ് സ്ട്രാറ്റജി 2030'-ന്റെ ഭാഗമായാണ് ഈ നടപടി.

നിലവിൽ പെർത്തിലെ വീടുകളിൽ നിന്നുള്ള മാലിന്യത്തിന്റെ 26 ശതമാനം മാത്രമാണ് യഥാർത്ഥത്തിൽ ലാൻഡ്‌ഫില്ലിലേക്ക് പോകേണ്ടത്. ബാക്കിയുള്ളവ വളമായോ റീസൈക്കിൾ ചെയ്തോ പുനരുപയോഗിക്കാവുന്നതാണ്. ഭക്ഷണാവശിഷ്ടങ്ങൾ ലാൻഡ്‌ഫില്ലുകളിൽ എത്തുമ്പോൾ ഉണ്ടാകുന്ന മീഥെയ്ൻ ഗ്യാസ് പരിസ്ഥിതിക്ക് ദോഷകരമാണ്. ഫോഗോ പദ്ധതി വഴി ഈ മാലിന്യങ്ങൾ ഗുണമേന്മയുള്ള വളമാക്കി മാറ്റി കൃഷിയിടങ്ങളിലും പാർക്കുകളിലും ഉപയോഗിക്കാൻ സാധിക്കും. വലിയ അപ്പാർട്ട്‌മെന്റുകളിലും ഹൈ-ഡെൻസിറ്റി കെട്ടിടങ്ങളിലും അടുത്ത ഘട്ടങ്ങളിൽ പദ്ധതി നടപ്പിലാക്കും.

Related Stories

No stories found.
Metro Australia
maustralia.com.au