

പെർത്ത് നഗരത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ കിഴക്കുള്ള ബോയ, ഡാർലിംഗ്ടൺ, ഗ്രീൻമൗണ്ട്, ഹെലീന വാലി മേഖലകളിലെ കാട്ടുതീ മുന്നറിയിപ്പ് അടിയന്തര നിലയിൽ നിന്ന് “വാച്ച് ആൻഡ് ആക്റ്റ്” നിലയിലേക്ക് താഴ്ത്തിയതായി എമർജൻസി വെസ്റ്റേൺ ഓസ്ട്രേലിയ അറിയിച്ചു.
പാഡ്ബറി റോഡിന് തെക്കായി, കൂൾസ്റ്റൺ റോഡ്, അപ്രോച്ച് റോഡ്, ക്ലെയ്റ്റൺ റോഡ്, വിക്ടർ റോഡ്, ബീനോങ് റോഡ്, ഡാർലിംഗ്ടൺ റോഡ്, ഡാൽറി റോഡ് എന്നിവകൊണ്ട് അതിർത്തി രേഖപ്പെടുത്തിയ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കുകയും ചുറ്റുപാടുകൾ നിരന്തരം നിരീക്ഷിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. സാഹചര്യം പെട്ടെന്ന് മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
മുണ്ടാറിങിലെ ഹെലീന വാലി റോഡ്, സ്കോട്ട് സ്ട്രീറ്റ്, ഗ്രേറ്റ് ഈസ്റ്റേൺ ഹൈവേ, ലയണൽ റോഡ്, ഗ്ലെൻ റോഡ് എന്നിവകൊണ്ട് അതിർത്തി രേഖപ്പെടുത്തിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബുഷ്‌ഫയർ അഡ്വൈസ് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
കാട്ടുതീ വടക്കുകിഴക്കൻ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് എമർജൻസി വെസ്റ്റേൺ ഓസ്ട്രേലിയ അറിയിച്ചു. നിലവിൽ തീ സ്ഥിരതയിലെങ്കിലും പൂർണമായി നിയന്ത്രണവിധേയമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ബ്രൗൺ പാർക്ക് കമ്മ്യൂണിറ്റി സെന്ററിൽ ഒഴിപ്പിക്കൽ കേന്ദ്രം പ്രവർത്തനക്ഷമമാണെന്ന് അടിയന്തര സേവന വിഭാഗങ്ങൾ അറിയിച്ചു.
അപകടകരമായ സാഹചര്യങ്ങളിൽ സഹായം ആവശ്യമെങ്കിൽ SES-നെ 131 500 എന്ന നമ്പറിൽ ബന്ധപ്പെടണം. ജീവൻ അപകടത്തിലാണെങ്കിൽ ട്രിപ്പിൾ സീറോ (000) വിളിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.