ഹൊബാർട്ട്: ടാസ്മാനിയൻ ഗ്രീൻസ് എംപി ഹെലൻ ബർനെറ്റ് രണ്ട് പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ബന്ധത്തിന് ശേഷം പാർട്ടിയിൽ നിന്ന് രാജിവച്ച് നിയമസഭയിലെ ക്രോസ്ബെഞ്ചിൽ സ്വതന്ത്രയായി ഇരിക്കുമെന്ന് പ്രഖ്യാപിച്ചു. ക്ലാർക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബർനെറ്റ് വെള്ളിയാഴ്ച രാവിലെയാണ് തീരുമാനം പ്രഖ്യാപിച്ചത്. തന്റെ മണ്ഡലത്തെ കൂടുതൽ ഫലപ്രദമായി പ്രതിനിധീകരിക്കാനാണ് ഈ നീക്കമെന്ന് അവർ പറഞ്ഞു
“ഇത് അപ്രതീക്ഷിതമായി എടുത്ത തീരുമാനമല്ല. 20 വർഷത്തിലധികമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാന നിയമസഭയിലും ഞാൻ ഗ്രീൻസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്,” അവർ പറഞ്ഞു. താൻ സീറ്റ് നിലനിർത്തുമെന്നും, എന്നാൽ ഇനി പാർട്ടി നിലപാടുകൾക്ക് വിധേയയാകില്ലെന്നും ബർനെറ്റ് വ്യക്തമാക്കി. “ക്ലാർക്കിലെ ജനങ്ങളുടെയും ലുട്രുവിറ്റ/ടാസ്മാനിയയുടെയും താൽപര്യങ്ങൾ ഏറ്റവും ഫലപ്രദമായി സംരക്ഷിക്കാൻ ഞാൻ ക്രോസ്ബെഞ്ചിൽ സ്വതന്ത്രയായി ഇരുന്ന് പാർലമെന്റിലുടനീളം സഹകരണത്തോടെ പ്രവർത്തിക്കും,” അവർ പറഞ്ഞു.
തീരുമാനത്തെക്കുറിച്ച് പ്രീമിയർ ജെറമി റോക്ക്ലിഫ്, സ്പീക്കർ ജാക്കി പെട്രുസ്മ, സഹ എംപിമാർ, പാർട്ടി പ്രതിനിധികൾ എന്നിവരെ അറിയിച്ചതായും അവർ വ്യക്തമാക്കി.
2024 മാർച്ചിലാണ് ബർനെറ്റ് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനു മുമ്പ് 19 വർഷം ഹോബാർട്ട് സിറ്റി കൗൺസിലിൽ പ്രവർത്തിച്ചിരുന്ന അവർ ഏഴ് വർഷം ഡെപ്യൂട്ടി ലോർഡ് മേയറായിരുന്നു. 2025 ഓഗസ്റ്റിൽ ക്രോസ്പാർട്ടി പിന്തുണയോടെ അവർ ഡെപ്യൂട്ടി സ്പീക്കറും കമ്മിറ്റികളുടെ ചെയർപേഴ്സണുമായി തിരഞ്ഞെടുക്കപ്പെട്ടു.
ബർനെറ്റിന്റെ പിന്മാറ്റത്തോടെ ന്യൂനപക്ഷ സർക്കാരിലുള്ള ഗ്രീൻസ് പാർട്ടിയുടെ ലോവർ ഹൗസിലെ എംപിമാരുടെ എണ്ണം നാലായി കുറഞ്ഞു. ഇത് ക്രോസ്ബെഞ്ച് വോട്ടുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു.