

പെർത്ത്: വിമാനം ആകാശത്തുയർന്നു നിൽക്കെ അടിയന്തര വാതിൽ (Emergency door) ബലമായി തുറക്കാൻ ശ്രമിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിലെ കർറാത്തയിൽ നിന്ന് പെർത്തിലേക്ക് വരികയായിരുന്ന ക്വാന്റാസ് (Qantas) വിമാനത്തിലാണ് സഹയാത്രികരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ തമസ് റെയ്മണ്ട് ഫോർസ്റ്റർ (41) എന്നയാൾ അക്രമം അഴിച്ചുവിട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
തിങ്കളാഴ്ച ക്വാന്റാസ് QF1733 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഫോർസ്റ്റർ, സഹയാത്രികനോട് മോശമായി പെരുമാറുകയും മുന്നിലെ സീറ്റിൽ ചവിട്ടുകയും ചെയ്തു. ഇത് തടയാനെത്തിയ വിമാന ജീവനക്കാരെ (Cabin crew) ഇയാൾ അധിക്ഷേപിച്ചു. തുടർന്ന് വിമാനം പെർത്ത് വിമാനത്താവളത്തിൽ ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെ, സീറ്റ് ബെൽറ്റ് ധരിക്കാനുള്ള ജീവനക്കാരുടെ നിർദ്ദേശം ലംഘിക്കുകയും, പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. വൈകുന്നേരം 4.05-ഓടെ വിമാനം പെർത്തിൽ ലാൻഡ് ചെയ്ത ഉടൻ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ജീവനക്കാരുടെ നിർദ്ദേശം ലംഘിക്കൽ, അക്രമസ്വഭാവം കാണിക്കൽ തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പെർത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഫോർസ്റ്റർക്ക് ജാമ്യം അനുവദിച്ചു. കേസ് നവംബർ 27-ലേക്ക് മാറ്റിയിട്ടുണ്ട്. വിമാനങ്ങൾക്കുള്ളിലോ എയർപോർട്ടുകളിലോ ഉള്ള അക്രമസ്വഭാവവും അസഭ്യമായ പെരുമാറ്റവും യാതൊരു കാരണവശാലും സഹിക്കില്ലെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും എഎഫ്‌പി ആക്ടിംഗ് സൂപ്രണ്ട് ഹൈലി ഫെയ്‌ത്ത്‌ഫുൾ പറഞ്ഞു.