ഓസ്‌ട്രേലിയയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വളർത്തൽ മേഖല കടുത്ത ഭീതിയിൽ,പ്രദർശനങ്ങൾ മാറ്റിവെച്ചു

ദേശാടനപക്ഷികൾ ഫാമുകൾക്ക് സമീപം രോഗം പരത്തിയാൽ അത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ പകർച്ചവ്യാധി വിദഗ്ദ്ധൻ പ്രൊഫസർ സഞ്ജയ സേനാനായകെ പറഞ്ഞു.
ഓസ്‌ട്രേലിയയിൽ H5N1 പക്ഷിപ്പനി സ്ഥിരീകരിച്ചു
ഓസ്‌ട്രേലിയയിൽ H5N1 പക്ഷിപ്പനി
Published on

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ തീരദേശ നഗരമായ എസ്‌പെറൻസിൽ മാരകമായ എച്ച്5എൻ1 പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചതോടെ ഓസ്‌ട്രേലിയയിലെ കോഴി വളർത്തൽ മേഖല അതീവ ജാഗ്രതയിൽ. രോഗം ബാധിച്ച 'ബ്രൗൺ സ്കുവ' എന്ന ദേശാടനപ്പക്ഷിയിലാണ് വൈറസ് കണ്ടെത്തിയത്. വൻകരയിലെ ആദ്യ കേസ് സ്ഥിരീകരിച്ചതോടെ ഫാമുകളിലെ കോഴികളിലേക്കും മറ്റ് വളർത്തുപക്ഷികളിലേക്കും രോഗം പടർന്നാൽ തങ്ങളുടെ വ്യവസായം "പൂർണ്ണമായും തകർന്നടിയുമെന്ന്" എസ്‌പെറൻസ് പോൾട്രി അസോസിയേഷൻ പ്രസിഡന്റ് ഗാവിൻ മില്ലാർഡ് മുന്നറിയിപ്പ് നൽകി.

രോഗവ്യാപന ഭീതിയെത്തുടർന്ന് വരും ദിവസങ്ങളിൽ നടത്താനിരുന്ന പ്രശസ്തമായ പോൾട്രി ഷോകൾ കർഷകർ റദ്ദാക്കിയിട്ടുണ്ട്. വീട്ടുപറമ്പുകളിൽ കോഴികളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്നും വളർത്തുപക്ഷികളെ തുറന്നുവിടാതെ വന്യപക്ഷികളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കണമെന്നും അസോസിയേഷൻ നിർദ്ദേശിച്ചു. നിലവിൽ ഫാമുകളിലേക്ക് രോഗം പടർന്നിട്ടില്ല എന്നത് ആശ്വാസകരമാണെങ്കിലും, വരും ദിവസങ്ങളിൽ എത്തുന്ന ദേശാടനപക്ഷികൾ ഫാമുകൾക്ക് സമീപം രോഗം പരത്തിയാൽ അത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ പകർച്ചവ്യാധി വിദഗ്ദ്ധൻ പ്രൊഫസർ സഞ്ജയ സേനാനായകെ പറഞ്ഞു.

വൈറസ് സാന്നിധ്യം നിരാശാജനകമാണെങ്കിലും ആഗോള വ്യാപനം കണക്കിലെടുക്കുമ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്ന് ഫെഡറൽ കൃഷി മന്ത്രി ജൂലി കോളിൻസ് വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ഇതിനകം 100 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. എന്നാൽ വംശനാശഭീഷണി നേരിടുന്ന വന്യജീവികളെക്കൂടി സംരക്ഷിക്കാൻ ഫണ്ട് 200 മില്യൺ ഡോളറായി ഉയർത്തണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നു. പൊതുജനങ്ങൾ ചത്ത പക്ഷികളെയോ മൃഗങ്ങളെയോ തൊടരുതെന്നും അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്നും വെസ്റ്റേൺ ഓസ്‌ട്രേലിയൻ കൃഷി മന്ത്രി ജാക്കി ജാർവിസ് അറിയിച്ചു.

Metro Australia
maustralia.com.au