ക്രൂരത: ഗർഭിണിയായ നായ ഉൾപ്പെടെയുള്ളവയെ വെയിലത്ത് തളച്ചു; ഉടമയ്ക്ക് 4000 ഡോളർ പിഴ

കത്തുന്ന വെയിലിൽ വളർത്തുനായ്ക്കളെ തണലോ വെള്ളമോ ഇല്ലാതെ കെട്ടിയിട്ട സംഭവത്തിൽ യുവതിക്ക് കോടതി കനത്ത പിഴ ശിക്ഷ വിധിച്ചു.
ക്രൂരത: ഗർഭിണിയായ നായ ഉൾപ്പെടെയുള്ളവയെ വെയിലത്ത് തളച്ചു; ഉടമയ്ക്ക് 4000 ഡോളർ പിഴ
Peeth Now
Published on

പെർത്ത്: കത്തുന്ന വെയിലിൽ വളർത്തുനായ്ക്കളെ തണലോ വെള്ളമോ ഇല്ലാതെ കെട്ടിയിട്ട സംഭവത്തിൽ യുവതിക്ക് കോടതി കനത്ത പിഴ ശിക്ഷ വിധിച്ചു. 2024 നവംബറിലാണ് സംഭവം നടന്നത്. ഗിരാവീനിലെ ഒരു വീട്ടിൽ നായ നിർത്താതെ കുരയ്ക്കുന്നു എന്ന പരാതിയെത്തുടർന്ന് ആർഎസ്പിസിഎ (RSPCA) ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ക്രൂരമായ ഈ കാഴ്ച കണ്ടത്.

മിനി എന്ന സ്റ്റാഫി (Staffy) ഇനത്തിൽപ്പെട്ട നായയെ തുണി ഉണക്കുന്ന അയയിൽ ചെറിയ ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു. അയയിൽ ചങ്ങല ചുറ്റിക്കിടന്നതിനാൽ നായയ്ക്ക് വെറും 40 സെന്റിമീറ്റർ മാത്രമേ നീങ്ങാൻ സാധിച്ചിരുന്നുള്ളൂ. അടുത്തുള്ള രണ്ട് പാത്രങ്ങളിലും വെള്ളവുമുണ്ടായിരുന്നില്ല. നുനു എന്ന ഗർഭിണിയായ കെൽപി (Kelpie) ഇനത്തിൽപ്പെട്ട നായയെ വെയിലത്ത് ഒരു ചെറിയ കൂട്ടിൽ അടച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നിർജ്ജലീകരണവും അമിത ചൂടും കാരണം അവശരായ നായ്ക്കളെ ഉടൻ തന്നെ മൃഗാശുപത്രിയിലേക്ക് മാറ്റി.

താൻ ഡോഗ് സൈക്കോളജി പഠിക്കുകയാണെന്നും നായ്ക്കളെ വീടിനുള്ളിൽ കഴിയാൻ പരിശീലിപ്പിക്കുകയാണെന്നുമാണ് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. വീടിനുള്ളിൽ മൂത്രമൊഴിക്കാതിരിക്കാനാണ് നായ്ക്കൾക്ക് വെള്ളം നൽകാത്തതെന്നും ഇവർ ന്യായീകരിച്ചു. നാല് വ്യത്യസ്ത മൃഗസംരക്ഷണ നിയമങ്ങൾ ലംഘിച്ചതിനാണ് ശിക്ഷ. ഭാവിയിൽ മൃഗങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ, കുറ്റകൃത്യം ക്രിമിനൽ റെക്കോർഡിൽ വരാത്ത രീതിയിലുള്ള ഇളവാണ് (Spent Conviction) കോടതി നൽകിയത്. നുനു ആർഎസ്പിസിഎയുടെ സംരക്ഷണയിൽ ആറ് കുട്ടികൾക്ക് ജന്മം നൽകി. എന്നാൽ മിനിയെ പിന്നീട് ദയാവധത്തിന് വിധേയയാക്കേണ്ടി വന്നു.

Metro Australia
maustralia.com.au