വ്യാപക ചെമ്പ് മോഷണം: പെർത്തിൽ നൂറ് കിലോമീറ്ററിലധികം റോഡുകൾ ഇരുട്ടിൽ; സർക്കാരിന് കോടികളുടെ നഷ്ടം

ആഭ്യന്തര വിപണിയിൽ വിൽക്കാൻ സാധിക്കാത്ത ലോഹങ്ങൾ കണ്ടെയിനറുകളിലാക്കി വിദേശത്തേക്ക് കടത്താൻ മാഫിയകൾ ശ്രമിക്കുന്നതായി പോലീസ് കമ്മീഷണർ കോൾ ബ്ലാഞ്ച് അറിയിച്ചു.
വ്യാപക ചെമ്പ് മോഷണം: പെർത്തിൽ നൂറ് കിലോമീറ്ററിലധികം റോഡുകൾ ഇരുട്ടിൽ; സർക്കാരിന് കോടികളുടെ നഷ്ടം
ABC News: Samantha Goerling
Published on: 

പെർത്ത്: ഭൂഗർഭ കേബിളുകളിൽ നിന്നുള്ള വ്യാപകമായ ചെമ്പ് മോഷണം മൂലം വെസ്റ്റേൺ ഓസ്‌ട്രേലിയൻ തലസ്ഥാനമായ പെർത്തിലെ പ്രധാന പാതകളും കാൽനട-സൈക്കിൾ പാതകളും ഇരുട്ടിലായി. നഗരത്തിലുടനീളമുള്ള നൂറിലധികം കിലോമീറ്റർ റോഡുകളിലെയും മുപ്പത് കിലോമീറ്ററോളം നടപ്പാതകളിലെയും തെരുവ് വിളക്കുകൾ വർഷങ്ങളായി കത്താതിരിക്കാൻ പ്രധാന കാരണം ചെമ്പ് മോഷണമാണെന്ന് മെയിൻ റോഡ്സ് ഡബ്ല്യുഎ (Main Roads WA) വ്യക്തമാക്കി. കരിഞ്ചന്തയിൽ ഉയർന്ന വില ലഭിക്കുന്നതാണ് സംഘടിത ക്രിമിനൽ സംഘങ്ങളെ പൊതുമുതൽ നശിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.

ടെലികോം സേവനദാതാക്കളായ ടെൽസ്ട്രയുടെ (Telstra) സൈറ്റുകളിൽ നിന്നും തെരുവ് വിളക്കുകളുടെ പവർ കേബിളുകളിൽ നിന്നും നൂറുകണക്കിന് കിലോ ചെമ്പ് വയറുകളാണ് പ്രതികൾ മോഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ടോൺകിൻ ഹൈവേ, ഗിഡ്ജെഗന്നപ് എന്നിവിടങ്ങളിൽ നിന്ന് മോഷണം നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ചെമ്പ് സ്വീകരിക്കുന്ന ആക്രിക്കടകൾക്കെതിരെ കർശന നിരീക്ഷണമാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര വിപണിയിൽ വിൽക്കാൻ സാധിക്കാത്ത ലോഹങ്ങൾ കണ്ടെയിനറുകളിലാക്കി വിദേശത്തേക്ക് കടത്താൻ മാഫിയകൾ ശ്രമിക്കുന്നതായി പോലീസ് കമ്മീഷണർ കോൾ ബ്ലാഞ്ച് അറിയിച്ചു.

ഇതുവരെ 1,400 കിലോമീറ്ററിലധികം കേബിളുകളാണ് മോഷണം പോയത്. കേബിളുകൾ പുനഃസ്ഥാപിക്കുന്നതിനും മോഷണം തടയുന്നതിനുള്ള സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുമായി 2026-27 സംസ്ഥാന ബജറ്റിൽ 1.2 കോടി ഡോളറാണ് വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാർ വകയിരുത്തിയിരിക്കുന്നത്. ക്വിനാന ഫ്രീവേ, ടോൺകിൻ ഹൈവേ, റീഡ് ഹൈവേ എന്നീ പ്രധാന റൂട്ടുകൾക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. റോഡുകളിലെ വെളിച്ചക്കുറവ് യാത്രാസുരക്ഷയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നതോടൊപ്പം കേബിളുകൾ നന്നാക്കാൻ എത്തുന്ന സാങ്കേതിക ജീവനക്കാരുടെ ജീവനും ഇത് വലിയ അപകടമുണ്ടാക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Metro Australia
maustralia.com.au