ബോട്ടിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെടൽ; സമുദ്രത്തിൽ കുടുങ്ങിയ കനേഡിയൻ നാവികനെ രക്ഷിച്ച് ഓസ്‌ട്രേലിയ

ഇന്ത്യൻ മഹാസമുദ്രത്തിലെ വിദൂര സമുദ്രമേഖലയിൽ ബോട്ട് തകർന്ന് അപകടത്തിൽപ്പെട്ട കനേഡിയൻ ഒറ്റയാൾ നാവികനെ അതീവ സാഹസികമായി വായുമാർഗ്ഗം രക്ഷിച്ച് ഓസ്‌ട്രേലിയൻ രക്ഷാപ്രവർത്തകർ
ബോട്ടിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെടൽ; സമുദ്രത്തിൽ കുടുങ്ങിയ കനേഡിയൻ നാവികനെ രക്ഷിച്ച് ഓസ്‌ട്രേലിയ
Supplied: Jaxen Shinners/RAN
Published on

പെർത്ത്: ഇന്ത്യൻ മഹാസമുദ്രത്തിലെ വിദൂര സമുദ്രമേഖലയിൽ ബോട്ട് തകർന്ന് അപകടത്തിൽപ്പെട്ട കനേഡിയൻ ഒറ്റയാൾ നാവികനെ അതീവ സാഹസികമായി വായുമാർഗ്ഗം രക്ഷിച്ച് ഓസ്‌ട്രേലിയൻ രക്ഷാപ്രവർത്തകർ. ക്രിസ്മസ് ദ്വീപിന് 1,000 കിലോമീറ്റർ തെക്കുകിഴക്കായി ഞായറാഴ്ചയായിരുന്നു സംഭവം. ഡാർവിനിൽ നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ച നാവികൻ ബന്ധുക്കളെ കൃത്യസമയത്ത് ബന്ധപ്പെടാതിരുന്നതിനെ തുടർന്ന് സഹോദരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റി (AMSA) തെരച്ചിൽ ആരംഭിച്ചത്.

പെർത്തിൽ നിന്ന് പുറപ്പെട്ട ചലഞ്ചർ റെസ്ക്യൂ ജെറ്റ് നടത്തിയ നിരീക്ഷണത്തിൽ നാവികന്റെ കാറ്റമരൻ ബോട്ട് പകുതിയോളം കടലിൽ മുങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി ലൈഫ് റാഫ്റ്റും ഭക്ഷണവും എമർജൻസി ബീക്കണും ഇയാൾക്ക് താഴേക്ക് ഇട്ടുകൊടുത്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന റോയൽ ഓസ്‌ട്രേലിയൻ നേവിയുടെ സപ്പോർട്ട് കപ്പലായ എച്ച്എംഎഎസ് സപ്ലൈയിൽ (HMAS Supply) നിന്നും എംഎച്ച്-70ആർ സീഹോക്ക് (MH-70R Seahawk) ഹെലികോപ്റ്റർ 200 കിലോമീറ്ററോളം പറന്നെത്തി നാവികനെ എയർലിഫ്റ്റ് ചെയ്ത് കപ്പലിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ഇയാളെ നേവി കപ്പലിൽ ഡാർവിനിലേക്ക് എത്തിച്ചതായി അധികൃതർ അറിയിച്ചു.

Metro Australia
maustralia.com.au