

ഐഎസ് ഭീകരസംഘടനയിൽ ചേർന്ന് സിറിയയിലേക്ക് പോയി കൊല്ലപ്പെട്ടതായി കരുതിയിരുന്ന ഓസ്‌ട്രേലിയൻ ഡോക്ടർ താരിഖ് കംലേ (Tareq Kamleh) ബാഗ്ദാദിലെ ജയിലിൽ ജീവനോടെ കഴിയുന്നതായി റിപ്പോർട്ട്. പെർത്തിൽ ജനിച്ച കംലേ അഡ്‌ലെയ്ഡ് സർവകലാശാലയിൽ നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കിയ ശിശുരോഗ വിദഗ്ധനാണ്. 2010ൽ പഠനം പൂർത്തിയാക്കിയ ശേഷം റോയൽ അഡ്‌ലെയ്ഡ് ആശുപത്രിയിലും വിമൻസ് ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലും പരിശീലനം നേടിയിരുന്നു. പിന്നീട് ഐഎസിൽ ചേരുന്നതിനായി സിറിയയിലേക്ക് പോയ കംലേ സംഘടനയുടെ ആരോഗ്യ വിഭാഗത്തിലും പ്രചാരണ പ്രവർത്തനങ്ങളിലും പ്രവർത്തിച്ചതായാണ് റിപ്പോർട്ട്. 2017ൽ സിറിയയിലെ റാഖയിൽ നടന്ന അവസാന പോരാട്ടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടെന്നാണ് കുടുംബവും അധികൃതരും കരുതിയിരുന്നത്.
എന്നാൽ ഇറാഖ് സുപ്രീം കോടതി രേഖകൾ പ്രകാരം കംലേ ഇപ്പോൾ ബാഗ്ദാദിലെ ജയിലിൽ കഴിയുകയാണെന്നും അന്വേഷണത്തിലാണെന്നും ദി ഓസ്ട്രേലിയൻ റിപ്പോർട്ട് ചെയ്തു. ഓസ്‌ട്രേലിയയിൽ നിന്നുള്ള 13 ഐഎസ് പോരാളികൾക്കൊപ്പം കംലേയും രാജ്യത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. നിരോധിത ഭീകരസംഘടനയിൽ ചേരുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതടക്കമുള്ള ഭീകരവാദ കുറ്റങ്ങൾ ചുമത്തി ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് വിവരം.
ഓസ്‌ട്രേലിയൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ ഏറ്റവും ഉയർന്ന പരിഗണനയെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ഭീകരസംഘടനയിൽ ചേരാൻ തീരുമാനിച്ചവർക്ക് സർക്കാർ യാതൊരു സഹായവും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ് ബന്ധമുള്ള ഓസ്‌ട്രേലിയക്കാർ രാജ്യത്തേക്ക് മടങ്ങുന്നത് തടയാൻ സർക്കാർ കൂടുതൽ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ആവശ്യപ്പെട്ടു. താൽക്കാലിക വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ് ഭീകരരും അവരുടെ ഭാര്യമാരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതിൽ താൻ അസന്തുഷ്ടനാണെന്ന് വൺ നേഷൻ എംപി ബർനബി ജോയ്സും പ്രതികരിച്ചു. ഭീകരസംഘടനയിൽ ചേർന്നതിലൂടെ ഇത്തരം വ്യക്തികൾക്ക് ഓസ്‌ട്രേലിയൻ പൗരത്വത്തിന്റെ ധാർമിക അവകാശം നഷ്ടപ്പെട്ടുവെന്ന് വൺ നേഷൻ നേതാവ് പോളിൻ ഹാൻസനും അഭിപ്രായപ്പെട്ടു.