ശമ്പള വർധന തർക്കം: വിക്ടോറിയയിൽ വീണ്ടും അധ്യാപക സമരം

സംസ്ഥാന സർക്കാരുമായുള്ള പുതിയ ശമ്പള കരാർ ചർച്ചകൾ ഫലമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ആറുമാസത്തിനിടെ രണ്ടാമത്തെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ശമ്പള വർധന തർക്കം: വിക്ടോറിയയിൽ വീണ്ടും അധ്യാപക സമരം
ഈ വർഷം മാർച്ചിലും അധ്യാപകർ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. (Louis Trerise)
Published on

വിക്ടോറിയയിൽ സർക്കാർ സ്കൂൾ അധ്യാപകർ വീണ്ടും 24 മണിക്കൂർ പണിമുടക്കിന് ഒരുങ്ങുന്നു. സംസ്ഥാന സർക്കാരുമായുള്ള പുതിയ ശമ്പള കരാർ ചർച്ചകൾ ഫലമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ആറുമാസത്തിനിടെ രണ്ടാമത്തെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ എജ്യുക്കേഷൻ യൂണിയന്റെ (AEU) വിക്ടോറിയ ശാഖ അംഗങ്ങളായ നൂറുകണക്കിന് അധ്യാപകർ അടുത്ത വ്യാഴാഴ്ചത്തെ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടൊപ്പം ശമ്പളമില്ലാത്ത അധികസമയം ജോലി ചെയ്യില്ലെന്ന തീരുമാനവും യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.

വിക്ടോറിയയിലെ സർക്കാർ സ്കൂൾ അധ്യാപകർ ആഴ്ചയിൽ ശരാശരി 12 മണിക്കൂർ ശമ്പളമില്ലാതെ അധികസമയം ജോലി ചെയ്യുന്നുവെന്നാണ് യൂണിയന്റെ ആരോപണം. സമരത്തിന്റെ ഭാഗമായി ലേബർ എംപിമാർക്ക് സർക്കാർ സ്കൂളുകൾ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിലും വിദ്യാഭ്യാസ വകുപ്പിന്റെ യോഗങ്ങൾക്കും ഇമെയിലുകൾക്കും പ്രതികരിക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം മാർച്ചിലും അധ്യാപകർ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. നാല് വർഷത്തിനുള്ളിൽ 35 ശതമാനം ശമ്പളവർധന ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് അംഗീകരിച്ചിരുന്നില്ല. പിന്നീട് സർക്കാർ മുന്നോട്ടുവെച്ച 28 ശതമാനം ശമ്പളവർധന നിർദേശവും യൂണിയൻ തള്ളിക്കളഞ്ഞു. വിക്ടോറിയയിലെ സർക്കാർ സ്കൂളുകൾക്ക് ആവശ്യമായ ധനസഹായം ലഭിക്കുന്നില്ലെന്നും അധ്യാപകരുടെ അമിത ജോലിഭാരമാണ് പലരും ജോലി ഉപേക്ഷിക്കാൻ കാരണമാകുന്നതെന്നും എഇയു വിക്ടോറിയ പ്രസിഡന്റ് ജസ്റ്റിൻ മുള്ളാലി പറഞ്ഞു. വിരമിക്കുന്നതുവരെ ജോലിയിൽ തുടരുന്നത് സർക്കാർ സ്കൂൾ അധ്യാപകരിൽ 30 ശതമാനം പേർ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശമ്പള വർധന തർക്കം: വിക്ടോറിയയിൽ വീണ്ടും അധ്യാപക സമരം
പ്രീമിയർ ജസിന്ത അലൻ ( Asanka Ratnayake)

അതേസമയം, യൂണിയൻ ആത്മാർത്ഥതയോടെ ചർച്ചകൾ തുടരണമെന്ന് വിക്ടോറിയ സർക്കാർ ആവശ്യപ്പെട്ടു. സർക്കാർ മുന്നോട്ടുവെച്ച കരാർ അംഗീകരിച്ചിരുന്നെങ്കിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളവും മികച്ച സേവന വ്യവസ്ഥകളും വിക്ടോറിയയിലെ അധ്യാപകർക്ക് ലഭിക്കുമായിരുന്നുവെന്നാണ് സർക്കാരിന്റെ പ്രതികരണം. അവസാന നിമിഷത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ 30,000-ത്തോളം അധ്യാപകർ മെൽബണിൽ പ്രതിഷേധ മാർച്ച് നടത്താൻ സാധ്യതയുണ്ട്. മാർച്ചിലെ സമരത്തിലും ആയിരക്കണക്കിന് അധ്യാപകർ ചുവപ്പ് വസ്ത്രം ധരിച്ച് മെൽബൺ നഗരത്തിലൂടെ മാർച്ച് നടത്തി പാർലമെന്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. നവംബറിൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ തർക്കം പ്രീമിയർ ജസിന്ത അലന്റെ സർക്കാരിന് കൂടുതൽ രാഷ്ട്രീയ സമ്മർദം സൃഷ്ടിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷ വിദ്യാഭ്യാസ വക്താവ് ബ്രാഡ് റോസ്വെൽ സർക്കാർ യൂണിയനുമായി ധാരണയിലെത്തുന്നതിൽ പരാജയപ്പെട്ടതായി വിമർശിച്ചെങ്കിലും, ലിബറൽ സർക്കാർ അധികാരത്തിലെത്തിയാൽ യൂണിയന്റെ ശമ്പളാവശ്യങ്ങൾ അംഗീകരിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

Metro Australia
maustralia.com.au