പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും തികച്ചും സൗജന്യം; മാർഗ്ഗനിർദ്ദേശത്തിൽ ആശങ്കയുമായി പ്രിൻസിപ്പൽമാർ

ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ ഭാരം കുറയ്ക്കാനാണ് ഫീസ് നിർബന്ധമല്ലെന്ന് വ്യക്തമാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ വില്യംസ്
പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും തികച്ചും സൗജന്യം; മാർഗ്ഗനിർദ്ദേശത്തിൽ ആശങ്കയുമായി പ്രിൻസിപ്പൽമാർ
Taylor Flowe/ unsplash
Published on: 

മെൽബൺ: പൊതുവിദ്യാലയങ്ങളിൽ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പഠനവും പുസ്തകങ്ങൾ അടക്കമുള്ള പഠനോപകരണങ്ങളും തികച്ചും സൗജന്യമാണെന്ന് രക്ഷിതാക്കളെ അറിയിക്കണമെന്ന വിക്ടോറിയൻ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർദ്ദേശം സ്കൂളുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽമാരുടെ സംഘടന. സർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശം വരുന്നതോടെ രക്ഷിതാക്കൾ സ്വമേധയാ നൽകുന്ന സംഭാവനകളിൽ വൻ കുറവുണ്ടാകുമെന്നും ഇത് പാഠ്യേതര പ്രവർത്തനങ്ങളെയും സ്കൂൾ സേവനങ്ങളെയും വെട്ടിച്ചുരുക്കാൻ ഇടയാക്കുമെന്നും ഓസ്‌ട്രേലിയൻ പ്രിൻസിപ്പൽസ് ഫെഡറേഷൻചൂണ്ടിക്കാട്ടി.

പാഠ്യപദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സാമഗ്രികളും സേവനങ്ങളും സൗജന്യമായിരിക്കുമെന്നും സാമ്പത്തിക സഹായം നൽകാൻ രക്ഷിതാക്കളുടെ മേൽ യാതൊരുവിധ സമ്മർദ്ദവും ഉണ്ടാകരുതെന്നും സ്കൂളുകൾക്ക് നൽകിയ സർക്കുലറിൽ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ ഭാരം കുറയ്ക്കാനാണ് ഫീസ് നിർബന്ധമല്ലെന്ന് വ്യക്തമാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ വില്യംസ് വിശദീകരിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം, കണ്ണട, ദന്തപരിശോധന, യൂണിഫോം എന്നിവയും സർക്കാർ നൽകിവരുന്നുണ്ട്.

ഇതിനുപുറമെ, അടുത്ത വർഷം മുതൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ സ്കൂളിലേക്ക് ലാപ്ടോപ്പുകളോ ടാബ്‌ലെറ്റുകളോ വാടകയ്‌ക്കെടുക്കാനോ വാങ്ങാനോ നിർബന്ധിക്കരുതെന്നും ഡിജിറ്റൽ പഠനത്തിന് സ്കൂളുകൾ തന്നെ സൗജന്യമായി ഉപകരണങ്ങൾ നൽകണമെന്നും നിർദ്ദേശമുണ്ട്. സെക്കൻഡറി സ്കൂളുകളിൽ വിദ്യാർത്ഥികൾ സ്വന്തമായി വാങ്ങുന്ന ലാപ്ടോപ്പുകൾക്ക് 980 ഡോളറിൽ കൂടാത്ത ഓപ്ഷൻ നൽകണം. അടിസ്ഥാന ഫണ്ടിംഗിന്റെ കുറവ് നികത്താൻ സ്കൂളുകൾ രക്ഷിതാക്കളുടെ അധിക സംഭാവനകളെയാണ് ആശ്രയിച്ചിരുന്നതെന്നും പുതിയ നിർദ്ദേശങ്ങൾ വിദ്യാലയങ്ങളുടെ ബജറ്റിനെ നേരിട്ട് ബാധിക്കുമെന്നും പ്രിൻസിപ്പൽസ് ഫെഡറേഷൻ പ്രസിഡന്റ് ആൻഡ്രൂ കോക്ക് വ്യക്തമാക്കി.

Metro Australia
maustralia.com.au