‘ഗ്ലോബലൈസ് ദി ഇൻതിഫാദ’ മുദ്രാവാക്യം നിരോധിക്കുമെന്ന് വിക്ടോറിയൻ ലിബറൽ നേതാവ് ജെസ് വിൽസൺ

മെൽബണിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ആളുകൾ ഈ മുദ്രാവാക്യം വിളിക്കുന്നത് ജൂത സമൂഹത്തിനെതിരായ അക്രമത്തിന് പ്രേരണ നൽകുന്നതായാണ് താൻ കാണുന്നതെന്ന് ജെസ് വിൽസൺ എബിസി മെൽബണിന്റെ 774 റേഡിയോ പരിപാടിയോട് പറഞ്ഞു.
‘ഗ്ലോബലൈസ് ദി ഇൻതിഫാദ’ നിരോധിക്കുമെന്ന് ജെസ് വിൽസൺ
ജെസ് വിൽസൺ
Published on: 

വിക്ടോറിയയിൽ ലിബറൽ പാർട്ടി അധികാരത്തിലെത്തിയാൽ ‘ഗ്ലോബലൈസ് ദി ഇൻതിഫാദ’ (Globalise the Intifada) എന്ന മുദ്രാവാക്യം നിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ. അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തി മുദ്രാവാക്യം നിയമവിരുദ്ധമാക്കുമെന്നാണ് പ്രഖ്യാപനം. മെൽബണിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഈ മുദ്രാവാക്യം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.

‘ഗ്ലോബലൈസ് ദി ഇൻതിഫാദ’ എന്ന പ്രയോഗത്തിന്റെ അർഥവും വ്യാഖ്യാനവും സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. അറബി ഭാഷയിൽ ‘ഇൻതിഫാദ’ എന്ന വാക്കിന് ‘കുടഞ്ഞെറിയുക’ അല്ലെങ്കിൽ ‘പ്രതിരോധിച്ച് എഴുന്നേൽക്കുക’ എന്നിങ്ങനെയാണ് അർഥം. ഇസ്രയേലിനെതിരായ പലസ്തീൻ ജനതയുടെ രണ്ട് പ്രധാന കലാപകാലങ്ങളെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ജൂത സമൂഹത്തിലെ പലരും ഈ പ്രയോഗത്തെ വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ മുദ്രാവാക്യമായാണ് കാണുന്നത്.

മെൽബണിലെ തെരുവുകളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ആളുകൾ ഈ മുദ്രാവാക്യം വിളിക്കുന്നത് ജൂത സമൂഹത്തിനെതിരായ അക്രമത്തിന് പ്രേരണ നൽകുന്നതായാണ് താൻ കാണുന്നതെന്ന് ജെസ് വിൽസൺ എബിസി മെൽബണിന്റെ 774 റേഡിയോ പരിപാടിയോട് പറഞ്ഞു. “സാഹചര്യത്തിന്റെ സംഘർഷാവസ്ഥ കുറയ്ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ നിയമത്തിൽ മാറ്റം വരുത്തും,” അവർ വ്യക്തമാക്കി. വാരാന്ത്യങ്ങളിൽ മെൽബൺ നഗരമധ്യത്തിലേക്ക് വരാൻ കുടുംബങ്ങൾ മടിക്കുന്നതായും ജൂത സമൂഹത്തിലെ പലരും അവിടേക്ക് പോകുന്നത് ഒഴിവാക്കുന്നതായും വിൽസൺ പറഞ്ഞു. പ്രതിഷേധങ്ങളിൽ ഈ മുദ്രാവാക്യം ഉപയോഗിക്കുന്നതിന് ന്യായീകരണമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Also Read
കാറിന് മുകളിൽ ‘RAT’ എന്നെഴുതിയ വെടിയുണ്ട; കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുമായി വിക്ടോറിയ മന്ത്രി
‘ഗ്ലോബലൈസ് ദി ഇൻതിഫാദ’ നിരോധിക്കുമെന്ന് ജെസ് വിൽസൺ

ക്വീൻസ്‌ലൻഡിന്റെ മാതൃക പിന്തുടരാൻ നീക്കം

ഈ വർഷം മാർച്ചിൽ ക്വീൻസ്‌ലൻഡിലെ ലിബറൽ സർക്കാർ ‘ഗ്ലോബലൈസ് ദി ഇൻതിഫാദ’, ‘ഫ്രം ദ റിവർ ടു ദ സീ’ (From the river to the sea) എന്നീ പ്രയോഗങ്ങൾ നിരോധിക്കുന്ന നിയമം പാസാക്കിയിരുന്നു. ഈ മുദ്രാവാക്യങ്ങളെ യഹൂദവിരുദ്ധമെന്ന് വിലയിരുത്തിയായിരുന്നു നടപടി. എന്നാൽ നിയമപ്രകാരം ഇരുപതിലധികം പേർക്ക് എതിരെ കേസെടുത്തതിനു പിന്നാലെ ഒരു വിഭാഗം പലസ്തീൻ അനുകൂല പ്രതിഷേധക്കാർ നിയമത്തെ ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ ഹൈക്കോടതിയെ സമീപിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ സിഡ്‌നിയിൽ നടന്ന റാലിയിൽ ‘ഗ്ലോബലൈസ് ദി ഇൻതിഫാദ’ മുദ്രാവാക്യം വിളിക്കുന്നതിന് നേതൃത്വം നൽകിയ മുൻ ഓസ്‌ട്രേലിയൻ ഓഫ് ദ ഇയർ ഗ്രേസ് ടെയിമും വിമർശനങ്ങൾ നേരിട്ടിരുന്നു. ജൂത നേതാക്കൾ, ഫെഡറൽ പാർലമെന്റ് അംഗങ്ങൾ, ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ എന്നിവരടക്കമുള്ളവർ അവരുടെ നടപടിയെ വിമർശിച്ചു. വിക്ടോറിയയിൽ ലിബറൽ പാർട്ടി അധികാരത്തിലെത്തിയാൽ നിരോധനം നടപ്പാക്കുമെന്ന വിൽസന്റെ പ്രഖ്യാപനം, പ്രതിഷേധങ്ങളിലെ മുദ്രാവാക്യങ്ങളുടെ നിയമപരമായ പരിധിയും അഭിപ്രായസ്വാതന്ത്ര്യവും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയേക്കും.

Metro Australia
maustralia.com.au