

ശിക്ഷിക്കപ്പെട്ട ബലാത്സംഗക്കാർക്ക് തിരിച്ചറിയൽ മറച്ചുവെക്കാൻ കോടതിയുടെ സപ്രഷൻ ഓർഡർ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് വിക്ടോറിയ പ്രീമിയർ ബെൻ കരോൾ പ്രഖ്യാപിച്ചു. നവംബറിൽ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ Open Courts Act ഭേദഗതി ചെയ്ത് പ്രതികളും ശിക്ഷിക്കപ്പെട്ടവരും സപ്രഷൻ ഓർഡറുകൾ ദുരുപയോഗം ചെയ്യുന്നതിനുള്ള എല്ലാ പഴുതുകളും അടയ്ക്കുമെന്ന് കരോൾ പറഞ്ഞു. “സപ്രഷൻ ഓർഡറുകൾ ഇരകളെ സംരക്ഷിക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ശിക്ഷിക്കപ്പെട്ട ബലാത്സംഗികളെ സംരക്ഷിക്കാനല്ല,” കരോൾ പറഞ്ഞു.
അറ്റോർണി ജനറൽ സോണിയ കിൽകെന്നിയും നിയമത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് വ്യക്തമാക്കി. ഇടക്കാല സപ്രഷൻ ഓർഡറുകളുടെ ഉപയോഗം, അവയുടെ കാലാവധി, മാനസികാരോഗ്യം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തരം ഉത്തരവുകൾ അനുവദിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിലവിലെ അവലോകനത്തിൽ പരിശോധിച്ചുവരികയാണെന്നും അവർ പറഞ്ഞു. അടുത്തിടെ ശ്രദ്ധേയമായ ചില ബലാത്സംഗ കേസുകളിൽ പ്രതികളുടെ വ്യക്തിത്വം ദീർഘകാലം രഹസ്യമാക്കി വച്ചത് വിവാദമായിരുന്നു. പ്രമുഖ എന്റർടെയ്ൻമെന്റ് മാനേജർ റാൽഫ് കാർ ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും, വിചാരണ നടപടികൾ പുരോഗമിച്ച് ഏകദേശം മൂന്ന് വർഷത്തോളം അദ്ദേഹത്തിന്റെ വ്യക്തിത്വം സപ്രഷൻ ഓർഡർ വഴി മറച്ചുവെച്ചിരുന്നു. ശിക്ഷിക്കപ്പെട്ടതിന് ശേഷമാണ് വിലക്ക് നീക്കിയത്. അതുപോലെ AFL താരം സ്റ്റീഫൻ സിൽവാഗ്നിയുടെ മകൻ ടോം സിൽവാഗ്നിയുടെ വ്യക്തിത്വവും ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതുവരെ 18 മാസത്തോളം രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇരുകേസുകളിലും പ്രതികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിദഗ്ധരുടെ മൊഴികളാണ് പേരുകൾ പുറത്തുവിടുന്നത് തടയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്.
2013ലെ നിയമപ്രകാരം സുരക്ഷാ കാരണങ്ങളാൽ സപ്രഷൻ ഓർഡർ അനുവദിക്കാമെങ്കിലും, അടുത്തകാലത്താണ് പ്രതികൾ മാധ്യമങ്ങളിൽ പേര് പുറത്തുവന്നാൽ സ്വയം ഉപദ്രവിക്കാനുള്ള സാധ്യതയുണ്ടെന്ന വാദം ഉയർത്തി ഈ വ്യവസ്ഥ ഉപയോഗിക്കാൻ തുടങ്ങിയത്. അതേസമയം, പ്രതിപക്ഷവും സപ്രഷൻ ഓർഡറുകളുടെ ദുരുപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഷാഡോ അറ്റോർണി ജനറൽ ജെയിംസ് ന്യൂബറി, അധികാരത്തിലെത്തിയാൽ ഇതിന്റെ ദുരുപയോഗം “പൂർണമായും അവസാനിപ്പിക്കുമെന്ന്” പറഞ്ഞു. വിക്ടോറിയ സർക്കാർ ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച വിപുലമായ നിയമനിർമാണത്തിൽ ശിക്ഷ വിധിക്കുമ്പോൾ പ്രതിയുടെ ‘നല്ല സ്വഭാവം’ ചൂണ്ടിക്കാട്ടുന്ന റഫറൻസുകൾ ഒഴിവാക്കുന്നതും ഉൾപ്പെടുന്നു. കൂടാതെ coercive control പ്രത്യേക കുറ്റമായി പ്രഖ്യാപിക്കുന്നതും കുടുംബാതിക്രമവുമായി ബന്ധപ്പെട്ട സംരക്ഷണ ഉത്തരവുകൾ ശക്തിപ്പെടുത്തുന്നതും കുടുംബാതിക്രമം അനുഭവിക്കുന്നവരോടുള്ള വിവേചനം നിയമവിരുദ്ധമാക്കുന്നതുമായ മാറ്റങ്ങളും ബില്ലിലുണ്ട്.