വിക്ടോറിയയിൽ ടോൾ നിരക്കിൽ വൻ ഇളവ് വാഗ്ദാനം ചെയ്ത് ലിബറൽ പാർട്ടി; ആഴ്ചയിൽ പരമാവധി 50 ഡോളർ ടോൾ പരിധി

വിലക്കയറ്റവും ജീവിതച്ചെലവും കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കും വ്യാപാരികൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി.
വിക്ടോറിയയിൽ ടോൾ നിരക്കിൽ വൻ ഇളവ് വാഗ്ദാനം ചെയ്ത് ലിബറൽ പാർട്ടി; ആഴ്ചയിൽ പരമാവധി 50 ഡോളർ ടോൾ പരിധി
Nine
Published on

മെൽബൺ: ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന വിക്ടോറിയൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടോൾ നിരക്കുകൾ ആഴ്ചയിൽ പരമാവധി 50 ഡോളറായി (Toll Cap) നിജപ്പെടുത്തുമെന്ന് പ്രതിപക്ഷമായ ലിബറൽ പാർട്ടി പ്രഖ്യാപിച്ചു. വിലക്കയറ്റവും ജീവിതച്ചെലവും കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കും വ്യാപാരികൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി.

പുതിയ പ്രഖ്യാപന പ്രകാരം കാറുകൾ, ലഘു വാണിജ്യ വാഹനങ്ങൾ, 5 വാഹനങ്ങൾ വരെയുള്ള ബിസിനസ് ഫ്ലീറ്റുകൾ എന്നിവയ്ക്ക് ത്രൈമാസ റീബേറ്റിനായി (Rebate) അപേക്ഷിക്കാം. ആഴ്ചയിൽ 100 ഡോളറിലധികം ടോൾ നൽകുന്ന യാത്രക്കാർക്ക് പ്രതിവർഷം 2,600 ഡോളർ മുതൽ പരമാവധി 3,000 ഡോളർ വരെ ലാഭിക്കാൻ സാധിക്കും. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അടുത്ത വർഷം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതിക്കായി 90 മില്യൺ ഡോളറാണ് വകയിരുത്തുന്നത്.

മെൽബണിലെ പ്രധാന ടോൾ പാതകളായ സിറ്റിലിങ്ക് (CityLink), ഈസ്റ്റ്‌ലിങ്ക് (EastLink), വെസ്റ്റ് ഗേറ്റ് ടണൽ (West Gate Tunnel) എന്നിവയിലെല്ലാം ഈ ഇളവ് ബാധകമായിരിക്കും. ന്യൂ സൗത്ത് വെയിൽസിൽ നിലവിലുള്ളതിന് സമാനമായ ഈ പദ്ധതി സാധാരണ കുടുംബങ്ങൾക്കും ഡ്രൈവർമാർക്കും വലിയ സാമ്പത്തിക സഹായമാകുമെന്ന് പ്രതിപക്ഷ നേതാവ് ജെസ് വിൽസണും (Jess Wilson) ഷാഡോ റോഡ്സ് മന്ത്രി ഡാനി ഒബ്രിയാനും വ്യക്തമാക്കി.

Metro Australia
maustralia.com.au