വിക്ടോറിയൻ തെരഞ്ഞെടുപ്പ്: ആരോഗ്യരംഗത്ത് $1.5B പ്രഖ്യാപിച്ച് ലേബർ പാർട്ടി

തുടർച്ചയായ നാലാം തവണയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേബർ പാർട്ടി മത്സരരംഗത്തുള്ളത്.
Joel Carrett/AAP PHOTOS)
Joel Carrett/AAP PHOTOS)
Published on: 

മെൽബൺ: നവംബർ 28-ന് നടക്കുന്ന വിക്ടോറിയൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ തുടർഭരണം ലക്ഷ്യമിട്ട് ആരോഗ്യരംഗത്ത് 1.5 ബില്യൺ ഡോളറിന്റെ ബൃഹദ് തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ലേബർ പാർട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ ബസ് പര്യടനത്തിന്റെ ആദ്യദിനത്തിൽ വിക്ടോറിയൻ പ്രീമിയർ ബെൻ കരോളാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 12 ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലെ (ED) രോഗികളുടെ കാത്തിരിപ്പ് സമയം 25 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്നാണ് പ്രധാന വാഗ്ദാനം.

തുടർച്ചയായ നാലാം തവണയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേബർ പാർട്ടി മത്സരരംഗത്തുള്ളത്. ബെൻഡിഗോ, ഫൂട്ട്‌സ്‌ക്രേ, വോൺതാഗി, ബല്ലാരറ്റ് ബേസ്, ഓസ്റ്റിൻ തുടങ്ങി നിലവിൽ സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന കാത്തിരിപ്പ് സമയമുള്ള 12 ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങൾ വികസിപ്പിക്കും. 750 നഴ്‌സുമാർ ഉൾപ്പെടെ 1,500 പുതിയ ആരോഗ്യ പ്രവർത്തകരെ നിയമിക്കുമെന്നും ആശുപത്രികളിൽ 250 അധിക കിടക്കകൾ ലഭ്യമാക്കുമെന്നും പദ്ധതി ഉറപ്പുനൽകുന്നു. ദ ആൽഫ്രഡ്, ലാട്രോബ് റീജിയണൽ, റോയൽ ചിൽഡ്രൻസ്, ഷെപ്പർട്ടൺ, സ്വാൻ ഹിൽ, വെറിബി മേഴ്സി, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗീലോംഗ് എന്നിവയാണ് വികസന പട്ടികയിലുള്ള മറ്റ് ആശുപത്രികൾ.

അതേസമയം, പോളിംഗ് സർവേകളിൽ പ്രതിപക്ഷ സഖ്യത്തിന് പിന്നിലാണ് ലേബർ പാർട്ടി. ഒക്ടോബറിലെ റിസോൾവ് പൊളിറ്റിക്കൽ മോണിറ്റർ സർവേ പ്രകാരം കോയലിഷൻ 28 ശതമാനം പിന്തുണയോടെ മുന്നേറുമ്പോൾ ലേബർ പാർട്ടി 25 ശതമാനത്തിൽ തുടരുകയാണ്. ആശുപത്രികളിലെ തിരക്കും ആംബുലൻസ് റാംപിംഗും കുറയ്ക്കുന്നതിനായി ട്രാൻസിറ്റ് ലോഞ്ചുകൾ സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ നേരത്തെ 99 ദശലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ലേബറിന്റെ 1.5 ബില്യൺ ഡോളറിന്റെ മെഗാ ഹെൽത്ത് പാക്കേജ്.

Metro Australia
maustralia.com.au