

മെൽബണിന്റെ വടക്കൻ പ്രാന്തപ്രദേശമായ ക്രെയ്ഗിബേണിൽ മെഡിക്കൽ സെന്ററിന് പുറത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ 15-കാരൻ മരിച്ചു. സംഭവത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് വിക്ടോറിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി 7.50ഓടെയാണ് ലിഗൺ ഡ്രൈവിലുള്ള മെഡിക്കൽ സെന്ററിന് പുറത്ത് കുത്തേറ്റ നിലയിൽ കൗമാരക്കാരനെ കണ്ടെത്തിയത്. മെഡിക്കൽ ജീവനക്കാർ സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകിയെങ്കിലും സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സ്ഥിരീകരിച്ചു.
മിക്കിൾഹാമിൽ താമസിക്കുന്ന ബാലന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ സെന്റർ പരിസരം പൊലീസ് കുറ്റകൃത്യസ്ഥലമായി പ്രഖ്യാപിക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ പാസ്കോ വേലിൽ നിന്ന് 16 വയസുകാരനെയും 19 വയസുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഹോമിസൈഡ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളോ സിസിടിവി, ഡാഷ്‌ക്യാം, മൊബൈൽ ഫോൺ ദൃശ്യങ്ങളോ കൈവശമുള്ളവർ ക്രൈം സ്റ്റോപ്പേഴ്സിനെ സമീപിക്കണമെന്ന് വിക്ടോറിയ പൊലീസ് അഭ്യർഥിച്ചു.