ട്വൽവ് അപ്പോസ്തൽസ് കാണാൻ ഇനി മുൻകൂട്ടി ബുക്ക് ചെയ്യണം; പ്രവേശന ഫീസ് ഈടാക്കാൻ വിക്ടോറിയൻ സർക്കാർ

അടുത്ത ഏപ്രിൽ മാസം മുതൽ സന്ദർശകരിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കിത്തുടങ്ങും. ഫീസ് തുക എത്രയെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതൊരു ചെറിയ തുകയായിരിക്കുമെന്നാണ് സൂചന.
ട്വൽവ് അപ്പോസ്തൽസ് കാണാൻ ഇനി മുൻകൂട്ടി ബുക്ക് ചെയ്യണം; പ്രവേശന ഫീസ് ഈടാക്കാൻ വിക്ടോറിയൻ സർക്കാർ
ABC News: Kiara Angelini
Published on: 

മെൽബൺ: ഓസ്‌ട്രേലിയയിലെ വിഖ്യാത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ 'ട്വൽവ് അപ്പോസ്തൽസ്' (Twelve Apostles) കാണാനെത്തുന്ന സഞ്ചാരികൾക്ക് മുൻകൂർ ബുക്കിംഗും പ്രവേശന ഫീസും നിർബന്ധമാക്കുന്നു. ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെ സതേൺ ഓഷ്യനിലെ ചുണ്ണാമ്പുകല്ല് പാറക്കൂട്ടങ്ങൾ കാണാൻ വർഷം തോറും 20 ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് എത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഒക്ടോബർ 16 മുതൽ സന്ദർശകർ ഓൺലൈനായി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യേണ്ടി വരുമെന്ന് വിക്ടോറിയൻ സർക്കാർ വ്യക്തമാക്കി.

പ്രദേശത്ത് പുതുതായി നിർമ്മിച്ച 126 ദശലക്ഷം ഡോളറിന്റെ അത്യാധുനിക വിസിറ്റർ സെന്റർ വഴി മാത്രമേ കാഴ്ചകളിലേക്ക് പ്രവേശനം അനുവദിക്കൂ. അടുത്ത ഏപ്രിൽ മാസം മുതൽ സന്ദർശകരിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കിത്തുടങ്ങും. ഫീസ് തുക എത്രയെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതൊരു ചെറിയ തുകയായിരിക്കുമെന്നാണ് സൂചന. പ്രദേശവാസികൾക്കും പരമ്പരാഗത ആദിവാസി ഉടമകൾക്കും ഫീസിൽ ഇളവുണ്ടാകും. പിരിച്ചെടുക്കുന്ന തുക പൂർണ്ണമായും ഗ്രേറ്റ് ഓഷ്യൻ റോഡ് കോസ്റ്റ് ആൻഡ് പാർക്ക് അതോറിറ്റിക്ക് കൈമാറുമെന്നും ഇത് പാരിസ്ഥിതിക സംരക്ഷണ പദ്ധതികൾക്കായി വിനിയോഗിക്കുമെന്നും റീജിയണൽ ഡെവലപ്‌മെന്റ് മന്ത്രി മൈക്കേല സെറ്റിൽ പറഞ്ഞു.

അതേസമയം, പൊതുഭൂമി വാണിജ്യവൽക്കരിക്കുന്നതിനെതിരെയും പ്രതിവർഷ സന്ദർശകരുടെ എണ്ണം 60 ലക്ഷമായി ഉയർത്താനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെയും പോർട്ട് കാംപ്ബെൽ കമ്മ്യൂണിറ്റി ഗ്രൂപ്പ് ഉൾപ്പെടെയുള്ള പ്രാദേശിക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വർധിച്ചുവരുന്ന തിരക്ക് ഡ്രെയിനേജ്, കുടിവെള്ളം, പാർക്കിംഗ് തുടങ്ങിയ തദ്ദേശീയ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. എന്നാൽ പുതിയ കേന്ദ്രം നൂറിലധികം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാമ്പത്തിക രംഗത്തിന് ഉണർവേകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Metro Australia
maustralia.com.au