വിക്ടോറിയയിൽ പെറ്റിങ് ഫാം സന്ദർശിച്ചതിന് പിന്നാലെ അപൂർവ ബാക്ടീരിയ ബാധ; 3 വയസുകാരിക്ക് ദാരുണാന്ത്യം

രണ്ട് വയസുകാരനായ ആൺകുട്ടിയും മൂന്ന് വയസുകാരിയായ പെൺകുട്ടിയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇരുവർക്കും ഹീമൊലൈറ്റിക് യൂറീമിക് സിൻഡ്രോം (HUS) എന്ന ഗുരുതര രോഗാവസ്ഥയുണ്ടായി.
ഫാം സന്ദർശനം: അപൂർവ ബാക്ടീരിയ ബാധിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം
മെൽബണിലെ ഒരേ പെറ്റിങ് ഫാം സന്ദർശിച്ച രണ്ട് കുട്ടികളിലാണ് ബാക്ടീരിയ ബാധ കണ്ടെത്തിയത്.
Published on

വിക്ടോറിയയിൽ പെറ്റിങ് ഫാം സന്ദർശിച്ചതിന് പിന്നാലെ അപൂർവ ബാക്ടീരിയ ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. ആഴ്ചകളോളം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് രോഗബാധയെ തുടർന്ന് സ്ഥിരമായ മസ്തിഷ്‌ക തകരാറും വൃക്കകളുടെ പ്രവർത്തന തകരാറും സംഭവിച്ചിരുന്നു. മെൽബണിലെ ഒരേ പെറ്റിങ് ഫാം സന്ദർശിച്ച രണ്ട് കുട്ടികളിലാണ് ബാക്ടീരിയ ബാധ കണ്ടെത്തിയത്. രണ്ട് വയസുകാരനായ ആൺകുട്ടിയും മൂന്ന് വയസുകാരിയായ പെൺകുട്ടിയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇരുവർക്കും ഹീമൊലൈറ്റിക് യൂറീമിക് സിൻഡ്രോം (HUS) എന്ന ഗുരുതര രോഗാവസ്ഥയുണ്ടായി.

മൂന്ന് വയസുകാരി ഏകദേശം ആറ് ആഴ്ച Monash Children’s Hospital-ൽ ചികിത്സയിൽ കഴിഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ട് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. എന്നാൽ പിന്നീട് രോഗബാധയെ തുടർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. തങ്ങളുടെ മകൾ ധീരയായിരുന്നുവെന്നും അവസാന നിമിഷം വരെ രോഗത്തോട് പോരാടിയെന്നും കുടുംബം പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം കുഞ്ഞിന്റെ വേദന അകറ്റാൻ കഴിയാത്ത അവസ്ഥ മാതാപിതാക്കൾക്ക് അതീവ വേദനാജനകമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം, രണ്ട് വയസുകാരനായ ആൺകുട്ടി രോഗത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ചു. പെറ്റിങ് ഫാമിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഫാം മൃഗങ്ങളിൽ സാധാരണയായി കാണപ്പെടുന്ന E. coli ബാക്ടീരിയയാണ് HUS-ന് കാരണമാകുന്നത്. ഛർദ്ദി, പനി, രക്തം കലർന്ന വയറിളക്കം എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ചിലത്. പെറ്റിങ് ഫാമുകൾ സന്ദർശിക്കുമ്പോൾ കുട്ടികളുടെ കൈകളുടെ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും വയറിളക്കം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്നും രണ്ട് കുടുംബങ്ങളും മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

Metro Australia
maustralia.com.au