തൂലിക സാഹിത്യവേദിക്ക് പത്താണ്ട്; വാർഷികാഘോഷവും മധുപാലിന്റെ ക്രിയേറ്റീവ് വർക്ക്‌ഷോപ്പും നവംബർ 14-ന്

വാർഷികാഘോഷ പരിപാടിക്ക് മുന്നോടിയായി, സിനിമാ-എഴുത്ത് രംഗത്തേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർക്കായി മധുപാൽ നയിക്കുന്ന പ്രത്യേക സർഗ്ഗാത്മക ശിൽപ്പശാലയും ഒരുക്കിയിട്ടുണ്ട്. '
Thoolika Sahithyavedi
തൂലിക സാഹിത്യവേദിക്ക് പത്താണ്ട്
Published on: 

മെൽബൺ: മെൽബണിലെ പ്രമുഖ പ്രവാസി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ 'തൂലിക സാഹിത്യവേദി' പ്രവർത്തനത്തിന്റെ ഒരു ദശാബ്ദം പിന്നിടുന്നു. പത്താം വാർഷികാഘോഷം 2026 നവംബർ 14 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ലിൻബ്രൂക്ക് കമ്മ്യൂണിറ്റി സെന്ററിൽ (Lynbrook Community Centre) നടക്കും. പ്രശസ്ത കവി ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് 2016-ൽ തുടക്കം കുറിച്ച ഈ സാംസ്കാരിക കൂട്ടായ്മ 'വെർബ മാനെന്റ്' (വാക്കുകൾ അവശേഷിക്കുന്നു) എന്ന സന്ദേശമുയർത്തിയാണ് വാർഷികം ആഘോഷിക്കുന്നത്. എഴുത്തുകാരനും നടനും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ശ്രീ. മധുപാലാണ് വാർഷികാഘോഷത്തിലെ മുഖ്യാതിഥി.

പ്രധാന വാർഷികാഘോഷ പരിപാടിക്ക് മുന്നോടിയായി, സിനിമാ-എഴുത്ത് രംഗത്തേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർക്കായി മധുപാൽ നയിക്കുന്ന പ്രത്യേക സർഗ്ഗാത്മക ശിൽപ്പശാലയും ഒരുക്കിയിട്ടുണ്ട്. 'റീൽസ്‌ടോക്ക്' (ReelsTalk) എന്ന പേരിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ തിരക്കഥാരചന, കഥപറച്ചിൽ, അഭിനയം ('From Page to Frame') എന്നിവയെ ആസ്പദമാക്കിയാണ് ക്ലാസുകൾ നടക്കുക. കഥയുടെ ആശയം രൂപപ്പെടുന്നത് മുതൽ അത് സ്ക്രീനിൽ സാക്ഷാത്കരിക്കപ്പെടുന്നതുവരെയുള്ള സർഗ്ഗാത്മക ഘട്ടങ്ങളെക്കുറിച്ച് ശിൽപ്പശാലയിൽ ചർച്ച ചെയ്യും.

നവാഗത തിരക്കഥാകൃത്തുക്കൾ, സംവിധായകർ, അഭിനേതാക്കൾ, കഥാകൃത്തുക്കൾ എന്നിവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ ക്രിയേറ്റീവ് വർക്ക്‌ഷോപ്പ് ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:00 വരെ ഇതേ വേദിയിൽ വെച്ച് നടക്കും. ശിൽപ്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

Metro Australia
maustralia.com.au