‘ഡിച്ച് ദ വിച്’ പ്രചാരണം അംഗീകരിക്കാനാകില്ല; ജസിന്റ അലന് പിന്തുണയുമായി അൽബനീസ്

രാഷ്ട്രീയം ആശയങ്ങളുടെ മത്സരമായിരിക്കണമെന്നും വ്യക്തിപരമായ ആക്രമണങ്ങളോ സ്ത്രീ വിരുദ്ധ പരാമർശങ്ങളോ അംഗീകരിക്കാനാവില്ലെന്നും അൽബനീസ് പറഞ്ഞു.
‘ഡിച്ച് ദ വിച്’ പ്രചാരണത്തെ അപലപിച്ച് അൽബനീസ്
(9News)
Published on

കാൻബറ: വിക്ടോറിയൻ പ്രീമിയർ ജസിന്റ അലനെ ലക്ഷ്യമിട്ട് മെൽബണിൽ നടക്കുന്ന ‘ഡിച്ച് ദ വിച്’ (മന്ത്രവാദിനിയെ പുറത്താക്കൂ) പ്രചാരണത്തെ പ്രധാനമന്ത്രി ആന്തണി അൽബനീസ് ശക്തമായി അപലപിച്ചു. ഇത് ലൈംഗിക വിവേചനപരവും പൊതുജീവിതത്തിൽ യാതൊരു സ്ഥാനവുമില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ആശയങ്ങളുടെ മത്സരമായിരിക്കണമെന്നും വ്യക്തിപരമായ ആക്രമണങ്ങളോ സ്ത്രീ വിരുദ്ധ പരാമർശങ്ങളോ അംഗീകരിക്കാനാവില്ലെന്നും അൽബനീസ് പറഞ്ഞു. കൂടുതൽ സ്ത്രീകൾ പൊതുജീവിതത്തിലേക്ക് വരേണ്ട സമയത്ത് ഇത്തരം പ്രചാരണങ്ങൾ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഡിച്ച് ദ വിച്’ പ്രചാരണത്തെ അപലപിച്ച് അൽബനീസ്
പ്രധാനമന്ത്രി ആന്തണി അൽബനീസ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി മെൽബണിൽ സഞ്ചരിക്കുന്ന ട്രക്ക് ബിൽബോർഡുകളിൽ ജസിന്റ അലനെ മന്ത്രവാദിനിയുടെ വേഷത്തിൽ ചിത്രീകരിച്ച എഐ നിർമിത ചിത്രങ്ങളും ‘ഡിച്ച് ദ വിച്’ എന്ന മുദ്രാവാക്യവും പ്രദർശിപ്പിക്കപ്പെടുകയാണ്. ഈ പ്രചാരണം സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് പ്രിമീയർ ജസിന്റ അലൻ ആരോപിച്ചു. മുൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡും പ്രചാരണത്തെ വിമർശിച്ചു. തനിക്കെതിരെയും വർഷങ്ങൾക്കുമുമ്പ് ഇതേ മുദ്രാവാക്യം ഉപയോഗിച്ചിരുന്നുവെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ സംസ്കാരം വീണ്ടും ഉയർന്നുവരുന്നത് നിരാശാജനകമാണെന്നും അവർ പറഞ്ഞു.

അതേസമയം, വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ പ്രചാരണത്തെ നിസാരവത്കരിക്കുകയും രാഷ്ട്രീയ നേതാക്കൾ വിമർശനങ്ങൾ സഹിക്കാൻ തയ്യാറാകണമെന്നും അഭിപ്രായപ്പെട്ടു. ഈ സംഭവം ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളും പൊതുചർച്ചകളിലെ മര്യാദയും സംബന്ധിച്ച പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Metro Australia
maustralia.com.au