ഷെപ്പർട്ടൺ (വിക്ടോറിയ): കയറിന്റെ രണ്ടറ്റത്തും കരുത്തും ആവേശവും മാറ്റുരച്ച 'പടക്കളം 2026 – ഷെപ്പർട്ടൺ സീസൺ 1' വടംവലി ടൂർണമെന്റിന് ഉജ്വല പരിസമാപ്തി. ഷെപ്പ് സ്റ്റാർസ് ഷെപ്പർട്ടണും ഷെപ്പർട്ടൺ മലയാളി അസോസിയേഷനും (SHEMA) സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 കരുത്തുറ്റ ടീമുകളാണ് അണിനിരന്നത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കൊമ്പൻസ് മെൽബൺ ചാമ്പ്യന്മാരായപ്പോൾ ആതിഥേയരായ ഷെപ്പ് സ്റ്റാർസ് ഷെപ്പർട്ടൺ റണ്ണറപ്പ് ട്രോഫി സ്വന്തമാക്കി. പുണ്യാളൻസ് ഫ്രാങ്ക്സ്റ്റൺ മൂന്നാം സ്ഥാനവും ജോണിവാക്കേഴ്സ് അഡലെയ്ഡ് നാലാം സ്ഥാനവും കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച ടീമായി സെവൻസ് ബ്രിസ്ബേനെ തെരഞ്ഞെടുത്തു. പുണ്യാളൻസിന്റെ ആറാം നമ്പർ താരം എഡ്വിൻ അലക്സാണ് ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച പരിശീലകനുള്ള പുരസ്കാരം കൊമ്പൻസിന്റെ സുജിത് തോമസ് നേടി. വ്യക്തിഗത പൊസിഷൻ അവാർഡുകൾ യഥാക്രമം ഗൗതം മേനോൻ (ഒന്നാം പൊസിഷൻ, കൊമ്പൻസ്), തോമസ് എസ്. പീടികമല (രണ്ടാം പൊസിഷൻ, ജോണിവാക്കേഴ്സ് അഡലെയ്ഡ്), ജയ പണിക്കർ (മൂന്നാം പൊസിഷൻ, പുണ്യാളൻസ്), ജോഹാൻ ജിനോ (നാലാം പൊസിഷൻ, ഷെപ്പ് സ്റ്റാർസ്), അലൻ തോമസ് (അഞ്ചാം പൊസിഷൻ, സെവൻസ് ബ്രിസ്ബേൻ), ആഷിക് ബിനു (ആറാം പൊസിഷൻ, റോയൽ വാരിയേഴ്സ്), മാഗ്നസ് ഹാരിസ് (ഏഴാം പൊസിഷൻ, കൊമ്പൻസ്) എന്നിവർ കരസ്ഥമാക്കി.
ഷെപ്പർട്ടൺ മേയർ കൗൺസിലർ ജെഫ് അക്കേഴ്സ് ജേതാക്കൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. മത്സരങ്ങൾ നിയന്ത്രിക്കാൻ റഫറിമാരെ വിട്ടുനൽകിയ ഓസ്‌ട്രേലിയൻ വടംവലി അസോസിയേഷനും, ദൂരദേശങ്ങളിൽ നിന്നെത്തിയ ടീമുകൾക്കും, സ്പോൺസർമാർക്കും കാണികൾക്കും സംഘാടകരായ ഷെപ്പ് സ്റ്റാർസും ഷെമയും നന്ദി രേഖപ്പെടുത്തി.