

ഓസ്‌ട്രേലിയയിൽ കൂൺവിഷം കലർത്തിയ ഭക്ഷണം നൽകി മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട എറിൻ പാറ്റേഴ്സന്റെ അപ്പീൽ വിക്ടോറിയൻ അപ്പീൽ കോടതി തള്ളി. ഇതോടൊപ്പം വിചാരണക്കോടതി വിധിച്ച 33 വർഷത്തെ പരോൾ വിലക്ക് നീക്കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും കോടതി അംഗീകരിച്ചു. ഇതോടെ പാറ്റേഴ്സന് ഇനി പരോളിന് അപേക്ഷിക്കാനുള്ള അവസരമില്ലാതായി.
51-കാരിയായ പാറ്റേഴൻ വെള്ളിയാഴ്ച രാവിലെ ഡെയിം ഫിലിസ് ഫ്രോസ്റ്റ് ജയിലിൽനിന്ന് വീഡിയോ ലിങ്ക് വഴിയാണ് കോടതിയിൽ ഹാജരായത്. 2025-ലാണ് ഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ, ഗെയിൽ പാറ്റേഴ്സൺ എന്നിവരെയും ഗെയിലിന്റെ സഹോദരി ഹെതർ വിൽക്കിൻസണെയും കൊലപ്പെടുത്തിയ കേസിൽ ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഹെതറിന്റെ ഭർത്താവ് ഇയാൻ വിൽക്കിൻസണെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പാറ്റേഴൻ കുറ്റക്കാരിയാണ്. വിഷം കലർത്തിയ ഡെത്ത് ക്യാപ് കൂൺ ഉപയോഗിച്ച് തയ്യാറാക്കിയ ബീഫ് വെല്ലിങ്ടൺ ഭക്ഷണം ബന്ധുക്കൾക്ക് നൽകിയെന്നാണ് കേസ്. ഭക്ഷണം കഴിച്ച നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദീർഘകാല ചികിത്സയ്ക്കുശേഷം ഇയാൻ വിൽക്കിൻസൺ മാത്രമാണ് രക്ഷപ്പെട്ടത്.
ജൂറി അംഗങ്ങളെ പ്രോസിക്യൂഷൻ സംഘവും കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും താമസിച്ച അതേ ഹോട്ടലിൽ പാർപ്പിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പാറ്റേഴന്റെ അഭിഭാഷകർ അപ്പീൽ നൽകിയത്. കോടതിയിലെ വിചാരണയ്ക്കിടെ അതിരൂക്ഷമായ രീതിയിലുള്ള ചോദ്യംചെയ്യലിന് താൻ വിധേയയായെന്നും 2020-ൽ പകർത്തിയ കാട്ടുകൂണുകളുടെ ചിത്രം തെളിവായി സമർപ്പിക്കാൻ അനുവദിച്ചില്ലെന്നും അവർ വാദിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ജസ്റ്റിസ് സ്റ്റീഫൻ മക്ലീഷാണ് വിധി വായിച്ചത്. വിധി കേൾക്കുമ്പോൾ പാറ്റേഴൻ യാതൊരു വികാരപ്രകടനവും നടത്തിയില്ല.
അതേസമയം, വിചാരണക്കോടതി ജഡ്ജി ക്രിസ്റ്റഫർ ബീൽ വിധിച്ച 33 വർഷത്തെ പരോൾ വിലക്ക് നീക്കണമെന്ന പ്രോസിക്യൂഷന്റെ അപ്പീൽ കോടതി അംഗീകരിച്ചു. കൊലപാതകങ്ങളിൽ വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നുവെന്നും പാറ്റേഴൻ നടത്തിയ വഞ്ചനാപരമായ നീക്കങ്ങൾ വിപുലമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന സ്വഭാവം കണക്കിലെടുക്കുമ്പോൾ പരോൾ അനുവദിക്കുന്നതിനുള്ള സാധ്യത പോലും ഉചിതമല്ലെന്ന് ജസ്റ്റിസ് മക്ലീഷ് വ്യക്തമാക്കി. നവംബർ 27 വരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പാറ്റേഴന് അവസരമുണ്ട്. കുറ്റവിധി റദ്ദാക്കാനുള്ള അവസാന നിയമപരമായ സാധ്യതയായിരിക്കും അത്.
വിചാരണയ്ക്കിടെ കൂൺ ശേഖരിക്കുന്നതിനിടെയുണ്ടായ അബദ്ധമാണ് വിഷബാധയ്ക്ക് കാരണമായതെന്നായിരുന്നു പാറ്റേഴന്റെ വാദം. അകന്നുകഴിയുകയായിരുന്ന ഭർത്താവ് സൈമണിന്റെ മാതാപിതാക്കളെയും വിൽക്കിൻസൺ ദമ്പതികളെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ച പാറ്റേഴൻ, തനിക്ക് കാൻസർ സ്ഥിരീകരിച്ചെന്നും മക്കളോട് ഇക്കാര്യം എങ്ങനെ പറയണമെന്ന് ഉപദേശം വേണമെന്നും അവരോട് പറഞ്ഞിരുന്നതായി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ക്ഷണിക്കപ്പെട്ടിരുന്ന സൈമൺ അന്ന് ഭക്ഷണത്തിന് എത്തിയിരുന്നില്ല. ശിക്ഷാവിധി പ്രസ്താവിക്കവെ, ബന്ധുക്കൾ പുലർത്തിയിരുന്ന വിശ്വാസത്തെ പാറ്റേഴൻ ഗുരുതരമായി വഞ്ചിച്ചുവെന്ന് ജഡ്ജി ക്രിസ്റ്റഫർ ബീൽ പറഞ്ഞിരുന്നു. മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെടുത്തിയതിനൊപ്പം ഇയാൻ വിൽക്കിൻസണിന്റെ ആരോഗ്യത്തിന് സ്ഥിരമായ തകരാറുണ്ടാക്കിയെന്നും പാറ്റേഴന്റെ സ്വന്തം കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട മുത്തച്ഛനെയും മുത്തശ്ശിയെയും നഷ്ടപ്പെടുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.