ഓസ്ട്രേലിയൻ സംഗീതലോകത്തെ ഇതിഹാസം മോളി മെൽഡ്രം അന്തരിച്ചു

മെൽബണിലെ ആദ്യകാലത്ത് ടെയ്‌ലേഴ്സ് എന്ന സ്വകാര്യ പരിശീലന സ്ഥാപനത്തിലും എൽസ്റ്റേൺവിക്കിലെ റേഡിയോ പരിശീലന കേന്ദ്രത്തിലും പഠിച്ചു. റേഡിയോ ഡിസ്ക് ജോക്കിയാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ഓസ്ട്രേലിയൻ സംഗീതലോകത്തെ ഇതിഹാസം മോളി മെൽഡ്രം അന്തരിച്ചു
മോളി മെൽഡ്രം (Getty)
Published on: 

റിച്ച്മണ്ട്, വിക്ടോറിയ: ഓസ്ട്രേലിയൻ സംഗീത-വിനോദരംഗത്തെ പ്രമുഖ വ്യക്തിത്വം മോളി മെൽഡ്രം (83) അന്തരിച്ചു. ദീർഘകാല ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ വിക്ടോറിയയിലെ റിച്ച്മണ്ടിലുള്ള എപ്വർത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. ഓസ്ട്രേലിയൻ സംഗീതലോകത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയെയാണ് നഷ്ടമായതെന്ന് അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും മാനേജരുമായ മാർക്ക് ക്ലെമൻസ് പ്രസ്താവനയിൽ പറഞ്ഞു. “നിരവധി പേർക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്നുകൊടുത്ത, ഓസ്ട്രേലിയയിലും ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ വിനോദിപ്പിച്ച യഥാർഥ ഓസ്ട്രേലിയൻ ഇതിഹാസത്തെയാണ് നമുക്ക് നഷ്ടമായത്,” അദ്ദേഹം പറഞ്ഞു. അസാധാരണമായ വ്യക്തിത്വവും പ്രവചനാതീതമായ പെരുമാറ്റവുമുണ്ടായിരുന്നെങ്കിലും കരുതലും തമാശയും ലാളിത്യവും നിറഞ്ഞ വ്യക്തിയായിരുന്നു മെൽഡ്രം. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം മറ്റുള്ളവർക്ക് മാതൃകയായിരുന്നുവെന്നും ക്ലെമൻസ് അനുസ്മരിച്ചു. “അദ്ദേഹം ജീവിതം പരമാവധി ആസ്വദിച്ചു. അതൊരു നിറഞ്ഞ ജീവിതമായിരുന്നു. സമാധാനത്തോടെ വിശ്രമിക്കട്ടെ, മോളി,” അദ്ദേഹം പറഞ്ഞു. മെൽഡ്രത്തിന്റെ കുടുംബവും ദീർഘകാല പങ്കാളിയായ യാൻ വോങ്നാംഗും സ്വകാര്യത അഭ്യർഥിച്ചിട്ടുണ്ട്.

ബാല്യവും സംഗീതത്തോടുള്ള താൽപര്യവും

1943 ജനുവരി 29ന് വിക്ടോറിയയിലെ ചെറിയ പട്ടണമായ ഓർബോസ്റ്റിൽ ഇയാൻ അലക്സാണ്ടർ മെൽഡ്രം ജനിച്ചു. കർഷകനായ പിതാവ് റോബർട്ടിന്റെയും മാതാവ് ഐസോബെലിന്റെയും മൂന്ന് മക്കളിൽ മൂത്തവനായിരുന്നു. മാതാവിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാലും പിതാവ് യുദ്ധവുമായി ബന്ധപ്പെട്ട ചുമതലകളിലായിരുന്നതിനാലും ബാല്യത്തിന്റെ വലിയൊരു ഭാഗം മുത്തശ്ശിമാരിൽ ഒരാളോടൊപ്പമാണ് അദ്ദേഹം ചെലവഴിച്ചത്.

Also Read
ആരോഗ്യപരിരക്ഷാ ചെലവിൽ സമ്മർദം; ഡോക്ടറെ കാണാൻ കഴിയാതെ 33% ഓസ്ട്രേലിയക്കാർ
ഓസ്ട്രേലിയൻ സംഗീതലോകത്തെ ഇതിഹാസം മോളി മെൽഡ്രം അന്തരിച്ചു

ക്വാംബറ്റൂക്കിൽ താമസിക്കുമ്പോൾ പ്രാദേശിക പ്രൈമറി സ്കൂളിൽ പഠിച്ചു. ഭാവിയിൽ പ്രശസ്ത കൺട്രി സംഗീത ഗായകനും ഗാനരചയിതാവുമായ ജോൺ വില്യംസൺ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. ഗിൽബർട്ട് ആൻഡ് സള്ളിവൻ സംഗീതനാടകങ്ങളും ക്ലാസിക്കൽ സംഗീതവും പരിചയപ്പെട്ടതോടെയാണ് സംഗീതലോകത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. 2013ൽ സിഡ്നി മോണിങ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ വീട്ടിലുള്ള മറ്റുള്ളവർ പുറത്തുപോകുമ്പോൾ ക്ലാസിക്കൽ സംഗീത ആൽബങ്ങൾ കേൾക്കുകയും മരത്തവി ഉപയോഗിച്ച് ഓർക്കസ്ട്ര കണ്ടക്ടറെപ്പോലെ അഭിനയിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തിരുന്നു.

ഓസ്ട്രേലിയൻ സംഗീതലോകത്തെ ഇതിഹാസം മോളി മെൽഡ്രം അന്തരിച്ചു
(Australian Broadcasting Corporation)

മെൽബണിലേക്കുള്ള യാത്ര

1960കളുടെ തുടക്കത്തിൽ, 17–18 വയസ്സിനിടെ മെൽഡ്രം മെൽബണിലേക്ക് താമസം മാറിയെന്നാണ് കരുതപ്പെടുന്നത്. പിന്നീട് കുറച്ചുകാലം തന്റെ പ്രായം പൊതുവിൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. 2013 ജനുവരിയിൽ അദ്ദേഹം 70 വയസ്സ് തികഞ്ഞതായി സഹോദരൻ ബ്രയാൻ പിന്നീട് സ്ഥിരീകരിച്ചിരുന്നു. മെൽബണിലെ ആദ്യകാലത്ത് ടെയ്‌ലേഴ്സ് എന്ന സ്വകാര്യ പരിശീലന സ്ഥാപനത്തിലും എൽസ്റ്റേൺവിക്കിലെ റേഡിയോ പരിശീലന കേന്ദ്രത്തിലും പഠിച്ചു. റേഡിയോ ഡിസ്ക് ജോക്കിയാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അന്ന് രണ്ട് അമ്മായിമാർക്കൊപ്പം ഒരു മിൽക്ക് ബാറിന് മുകളിലായിരുന്നു താമസം. പിന്നീട് 1960കളിൽ പോപ്പ് താരമായി മാറിയ റോണി ബേൺസിനോട് താമസിക്കാൻ ഇടം ചോദിച്ചതോടെയാണ് ഇരുവരും അടുത്തത്. “എനിക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയുമോ?” എന്ന് മെൽഡ്രം ചോദിച്ചതായി ബേൺസ് ഓർത്തെടുത്തു. രണ്ടാഴ്ചത്തേക്ക് തുടങ്ങിയ ആ താമസം പിന്നീട് ഒമ്പത് വർഷത്തോളം നീണ്ടുവെന്നാണ് റിപ്പോർട്ട്.