

ആരോഗ്യപരിരക്ഷാ ചെലവ് കുത്തനെ ഉയരുന്നതോടെ ഓസ്ട്രേലിയയിൽ പകുതിയിലധികം യുവാക്കൾ ഡോക്ടറെ കാണുന്നത് ഒഴിവാക്കുകയും ദന്തചികിത്സ ലഭിക്കാതെ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതായി റിപ്പോർട്ട്. ഓസ്ട്രേലിയയിലെ കൺസ്യൂമേഴ്സ് ഹെൽത്ത് ഫോറം പുറത്തുവിട്ട 2026 നാഷണൽ കൺസ്യൂമർ സെന്റിമെന്റ് സർവേയിലെ വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ ഡോക്ടർ, ദന്തഡോക്ടർ തുടങ്ങിയ ആരോഗ്യ സേവനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
എന്നാൽ, ചെലവ് താങ്ങാനാകാത്തതിനാൽ ആവശ്യമായ ചികിത്സയോ മരുന്നോ ഡോക്ടറെ കാണുന്നതോ ഒഴിവാക്കിയതായി 49.5 ശതമാനം പേർ വ്യക്തമാക്കി. 5,000ത്തിലധികം ഓസ്ട്രേലിയക്കാരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 67 ശതമാനം പേർ ദന്തചികിത്സ വൈകിപ്പിച്ചതായും 41 ശതമാനം പേർ പരിശോധനകളോ ചികിത്സകളോ ഒഴിവാക്കിയതായും 33 ശതമാനം പേർക്ക് ഡോക്ടറെ കാണാൻ കഴിയാത്തതായും കണ്ടെത്തി. ആരോഗ്യപരിരക്ഷയിലെ ഈ വിടവ് മുതിർന്നവരെയും കാര്യമായി ബാധിക്കുന്നുണ്ട്. 55 വയസ്സിന് മുകളിലുള്ളവരിൽ പത്തിൽ ആറുപേരോളം ആവശ്യമായ ചികിത്സ ലഭിക്കാതെ പോയതായി സർവേ ചൂണ്ടിക്കാട്ടുന്നു. വേദന, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, പല്ലുകൾ നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും ആറിലൊരാൾ ദന്തഡോക്ടറെ കാണുന്നത് വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. ദന്തചികിത്സ മെഡികെയർ സംവിധാനത്തിന്റെ ഭാഗമാകണമെന്ന് 89 ശതമാനം പേർ അഭിപ്രായപ്പെട്ടു. LGBTQI വിഭാഗത്തിൽപ്പെട്ടവരും മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ആരോഗ്യപരിരക്ഷ ലഭിക്കുന്നതിൽ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി പഠനം കണ്ടെത്തി. സർവേയിൽ ഏറ്റവും മോശം ആരോഗ്യപരിചരണ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്ത വിഭാഗങ്ങളിലൊന്നായിരുന്നു ഇവർ.
ആരോഗ്യപരിരക്ഷയിലെ അന്തരം വർധിക്കുന്നു
ആരോഗ്യ സംവിധാനത്തിലെ അസമത്വം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കൺസ്യൂമേഴ്സ് ഹെൽത്ത് ഫോറം ചീഫ് എക്സിക്യൂട്ടീവ് എലിസബത്ത് ഡെവനി, ആരോഗ്യസംവിധാനം രണ്ടായി വിഭജിക്കപ്പെടുകയാണെന്ന് പറഞ്ഞു. ഗുരുതരമായി രോഗബാധിതരായാൽ ലഭിക്കുന്ന ചികിത്സയിൽ പകുതിയോളം രാജ്യവാസികൾക്ക് വിശ്വാസമുണ്ടെങ്കിലും മൂന്നിലൊന്നിൽ താഴെ പേർക്ക് മാത്രമാണ് അതിനുള്ള ചെലവ് താങ്ങാനാകുമെന്ന് വിശ്വാസമുള്ളതെന്നും ഈ കണക്കുകൾ താഴേക്ക് പോകുകയാണെന്നും അവർ പറഞ്ഞു. ആരോഗ്യപരിരക്ഷയും ഭക്ഷണവും തമ്മിൽ തിരഞ്ഞെടുക്കേണ്ട സാഹചര്യം കുടുംബങ്ങൾ നേരിടുകയാണെന്നും വാടക, ഭക്ഷണച്ചെലവ്, മറ്റ് സാമ്പത്തിക ബാധ്യതകൾ എന്നിവയ്ക്കൊപ്പം ചികിത്സാ ചെലവും കണക്കാക്കേണ്ടിവരുന്നുണ്ടെന്നും ഡെവനി വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരുന്ന സാഹചര്യത്തിൽ ബൾക്ക് ബില്ലിങ് സംവിധാനത്തിന്റെ പ്രാധാന്യം വർധിച്ചിട്ടുണ്ടെന്നും സർക്കാർ ജനറൽ പ്രാക്ടീഷണർമാർക്കുള്ള ബൾക്ക് ബില്ലിങ് സഹായം വർധിപ്പിച്ചത് നിർണായകമാണെന്നും അവർ പറഞ്ഞു. ഈ നിക്ഷേപമില്ലായിരുന്നെങ്കിൽ കൂടുതൽ ഓസ്ട്രേലിയക്കാർക്ക് പ്രാഥമിക ആരോഗ്യപരിരക്ഷ ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടേണ്ടിവരുമായിരുന്നുവെന്നും നിലവിലെ പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ആരോഗ്യപരിരക്ഷാ ചെലവിലെ സമ്മർദങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ഡെവനി കൂട്ടിച്ചേർത്തു.
ദന്തചികിത്സ മെഡികെയറിൽ ഉൾപ്പെടുത്താത്തത് ആരോഗ്യപരിരക്ഷയിലെ അസമത്വത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി. ദന്തചികിത്സ മെഡികെയറിന്റെ ഭാഗമാകണമെന്ന് ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുമ്പോഴും ഏകദേശം 60 ശതമാനം പേർ ചികിത്സ വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്ത് വേദന അനുഭവിക്കേണ്ടിവരുന്നുണ്ട്. നിലവിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തിൽ ലഭിക്കുന്ന നേട്ടങ്ങൾ പ്രധാനമായും നേരത്തെ തന്നെ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നവർക്കാണ് ലഭിക്കുന്നതെന്നും സാമ്പത്തികമായി കൂടുതൽ ബുദ്ധിമുട്ടുന്നവർ ഇപ്പോഴും പഴയ പ്രതിസന്ധികൾ നേരിടുകയാണെന്നും ഡെവനി പറഞ്ഞു. ആരോഗ്യപരിരക്ഷയിലെ വർധിച്ചുവരുന്ന അസമത്വങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് നയരൂപീകരണത്തിന് സഹായകമാകുമെന്നും പൊതുജനങ്ങളെ മുൻനിർത്തിയുള്ള അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.